ലണ്ടന്‍: അടുത്ത അഞ്ച് വര്‍ഷത്തേക്ക് തങ്ങളെ ആര് ഭരിക്കണമെന്ന് ബ്രിട്ടീഷ് ജനത ഇന്ന് വിധിയെഴുതും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് രാത്രി 10 മണിക്ക് പോളിംഗ് സ്‌റ്റേഷനുകള്‍ അടക്കുന്നത് വരെ തുടരും. 10 മണിക്കു തന്നെ ആദ്യത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യക്തമായ ഭൂരിപക്ഷം ഏതെങ്കിലും പാര്‍ട്ടി നേടുമോ അതോ 2010നു സമാനമായ തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരുമോ എന്ന കാര്യവും ഏകദേശം അറിയാനാകും. രാത്രി 10 മണിക്കു തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും 11.30ഓടെ ആദ്യഫലങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്.

നീണ്ട 50 ദിവസത്തെ പ്രചരണത്തിനു ശേഷമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ക്ക് നില മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നാണ് സൂചന. അതേ സമയം ലേബര്‍ കാര്യമായ ലീഡ് നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഫലങ്ങളില്‍ വലിയ ലീഡ് ആദ്യഘട്ടത്തില്‍ത്തന്നെ കാട്ടുന്നവര്‍ക്ക് ഭരണം ലഭിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഭരണത്തിലെത്താമെന്ന ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കണ്‍സര്‍വേറ്റീവ് ഇപ്പോള്‍ ഭരണം നിലനിര്‍ത്തണമെങ്കില്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരും എന്ന അവസ്ഥയിലാണ്.

ലേബര്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയാണെങ്കില്‍ വീണ്ടും ഒരു കൂട്ടുകക്ഷി ഭരണത്തിന് ബ്രിട്ടന്‍ വേദിയാകും. ഇന്ത്യക്കാരുള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്കിടയിലും ലേബറിന് കാര്യമായ സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ ഉണ്ടായ രണ്ട് ഭീകരാക്രമണങ്ങള്‍ പ്രചാരണ പരിപാടികളെയും ബാധിച്ചിരുന്നു. രാജ്യ സുരക്ഷയും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു. ലണ്ടന്‍ ബ്രിഡജിലുണ്ടായ ആക്രമണം ഇന്റലിജന്‍സ് പിഴവാണെന്ന വിലയിരുത്തല്‍ ഭരണകക്ഷിയെ പ്രതികൂലമായി ബാധിച്ചേക്കാം.