ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച പുതിയ ബ്രെക്സിറ്റ് വ്യാപാര നിയമങ്ങൾ യൂറോപ്യൻ കാർ നിർമ്മാതാക്കൾക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3.75 ബില്യൺ പൗണ്ട് തുക അധിക ചിലവ് ഉണ്ടാക്കും. പുതിയ യൂറോപ്യൻ യൂണിയൻ – യു കെ ബ്രെക്സിറ്റ് വ്യാപാര കരാർ പ്രകാരം, 2024 മുതൽ പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾ 45 ശതമാനം ബ്രിട്ടനിൽ നിന്നോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നോ ഉള്ള പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കണം എന്ന കർശന നിർദ്ദേശമുണ്ട്. ഇതോടൊപ്പം തന്നെ ബാറ്ററി സെല്ലുകളുടെ 50 മുതൽ 60 ശതമാനം വരെ പ്രാദേശിക വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതായിരിക്കണം എന്നും കരാർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഇംഗ്ലീഷ് ചാനലിലൂടെ ഇരു രാജ്യങ്ങളിലേക്കും കൊണ്ടുപോകുമ്പോൾ 10% അധികം നികുതി അല്ലെങ്കിൽ താരീഫ് ഈടാക്കാനുള്ള അനുമതി അധികൃതർക്ക് ഉണ്ടാകുമെന്നും കരാർ നിഷ്കർഷിക്കുന്നു. എന്നാൽ ഈ നടപടി മൂലം യൂറോപ്യൻ യൂണിയനിലെ ഫാക്ടറികളിൽ നിന്നുള്ള ഉത്പാദനം ഗണ്യമായി കുറയുമെന്ന് യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുമെന്നും അവർ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള വിലകുറഞ്ഞ ഇറക്കുമതിയിൽ നിന്നും യൂറോപ്യൻ വ്യവസായത്തെ സംരക്ഷിക്കുന്നതിനാണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എന്നാൽ യൂറോപ്പിൽ ബാറ്ററി ഉൽപ്പാദനം പ്രതീക്ഷിച്ചത്ര വേഗത്തിൽ വർധിച്ചിട്ടില്ലാത്തതിനാൽ, പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ കാർ നിർമ്മാതാക്കൾ ബുദ്ധിമുട്ടുകയാണ്. യൂറോപ്യൻ നിർമ്മാതാക്കൾക്ക് ഇത് ഗുരുതരമായൊരു പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. യുകെ അവരുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ്. കഴിഞ്ഞ വർഷം യുകെ തുറമുഖങ്ങളിൽ 1.2 ദശലക്ഷം വാഹനങ്ങൾ യൂറോപ്യൻ യൂണിയനിൽ നിന്നും എത്തിയിരുന്നു. അതുപോലെ യുകെയിൽ നിർമ്മിച്ച കൂടുതൽ കാറുകൾ മറ്റേതൊരു പ്രദേശത്തേക്കാളും യൂറോപ്യൻ യൂണിയനിയിലേക്ക് തന്നെയാണ് കയറ്റുമതി ചെയ്യപ്പെടുന്നതും. ഇത്തരത്തിലുള്ള വർദ്ധിച്ച താരിഫുകൾ ഇലക്ട്രിക്ക് കാറുകളുടെ ഉൽപാദനം കൂടുതൽ ചിലവേറിയതാക്കുമെന്നും, അതോടൊപ്പം തന്നെ അവയുടെ വില വർധിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നുള്ള ആശങ്ക നിലനിൽക്കുന്നു. പുതിയ നിയമങ്ങൾ മൂന്നുവർഷമെങ്കിലും കഴിഞ്ഞ് മാത്രമേ നടപ്പാക്കാവൂ എന്ന ആവശ്യം കാർ നിർമ്മാതാക്കൾ ഉയർത്തുന്നുണ്ട്. ഇതിനായി യൂറോപ്യൻ കമ്മീഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.