ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ 11 ടാക്സി ഡ്രൈവർമാർ വെടിയേറ്റു മരിച്ചു. അജ്ഞാതൻ നടത്തിയ വെടിവയ്പിലാണ് ഡ്രൈവർമാർ കൊല്ലപ്പെട്ടത്. ഗൗടെംഗ് ടാക്സി അസോസിയേഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഡ്രൈവർമാർ സുഹൃത്തിന്റെ സംസ്കാരത്തിൽ പങ്കെടുത്തു മടങ്ങി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊതു ഗതാഗതത്തിനായി കൂടുതലും മിനി ബസുകളും ടാക്സികളുമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. അതിനാൽ തന്നെ ടാക്സി ഡ്രൈവർമാർക്കിടയിൽ കലഹങ്ങൾ പതിവാണ്. ഇതായിരിക്കാം ആക്രമണത്തിനുപിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസന്വേഷണം പുരോഗമിച്ചു വരികയാണെന്നും പ്രദേശത്ത് ആക്രമണങ്ങൾ പതിവാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Leave a Reply