ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു എസ് :- കഴിഞ്ഞ ആഴ്ച, പെൻസിൽവാനിയയിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ ഇലോൺ മസ്‌ക് പ്രത്യക്ഷപ്പെട്ടത് വൻ ചർച്ചയായിരുന്നു. നവംബറിലെ വോട്ടെടുപ്പ് നമ്മുടെ ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണെന്ന ആഹ്വാനത്തോടെ ആയിരുന്നു മസ്ക് എത്തിയത്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിൻ്റെയും, ട്വിറ്ററിന്റെയും ഉടമയായ എലോൺ മസ്ക് കഴിഞ്ഞ മാസങ്ങളായി യുഎസ് രാഷ്ട്രീയത്തിലെ തന്നെ ഒരു പ്രധാന വ്യക്തിയായി മാറിയിരിക്കുകയാണ്. സ്വതന്ത്ര ആശയങ്ങൾ പങ്കുവയ്ക്കുന്നത് എന്നും പിന്തുണച്ച ഒരു വ്യക്തിയായിരുന്നു മസ്ക്. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും, മറ്റൊരാളെ നിശബ്ദനാക്കുവാൻ ശ്രമിക്കുന്നവർ നുണയന്മാരാണെന്നും ആയിരുന്നു മസ്കിന്റെ വാദം. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ച പുതിയ കണ്ടെത്തലുകൾ അദ്ദേഹത്തിന്റെ ഈ വാദം വെറും പൊള്ളയാണെന്ന സൂചനകളാണ് നൽകുന്നത്. വിവരങ്ങൾ നിയന്ത്രിക്കുന്നതിനും തനിക്കെതിരെയുള്ള വിമർശനങ്ങളെ അടിച്ചമർത്തുന്നതിനും മസ്കും അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിക്കുന്നവരും സ്വകാര്യ അന്വേഷകരെയും നിരീക്ഷണ ഉപകരണങ്ങളെയും ഉപയോഗിച്ചുവെന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2018 ൽ തായ് ഗുഹയിൽ നിന്ന് 12 കുട്ടികളെ രക്ഷിക്കാൻ സഹായിച്ച ബ്രിട്ടീഷ് ഗുഹാ പര്യവേക്ഷകനായ വെർനൺ അൺസ്‌വർത്താണ് അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളാണ് ഇതിന് കാരണം. ആ സമയത്ത്, രക്ഷാപ്രവർത്തനത്തെ സഹായിക്കാനുള്ള മസ്കിന്റെ പദ്ധതികളെ അൺസ്‌വർത്ത് വിമർശിച്ചിരുന്നു. ഇതിൽ രോഷം കൊണ്ട എലോൺ മസ്ക് ട്വിറ്ററിൽ അൺസ്‌വർത്തിനെ ‘പേഡോ ഗൈ’ എന്ന് വിശേഷിപ്പിച്ചത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. മസ്‌ക് ഒടുവിൽ ക്ഷമാപണം നടത്തിയെങ്കിലും, അടിസ്ഥാനരഹിതമായ അപവാദം തനിക്ക് വേദന ഉണ്ടാക്കിയെന്ന് അൺസ്‌വർത്ത് പിന്നീട് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മസ്‌കിൻ്റെ നിരീക്ഷണ ലക്ഷ്യങ്ങളിൽ അദ്ദേഹത്തിൻ്റെ മുൻ പങ്കാളിയായ ആംബർ ഹേർഡും ഉൾപ്പെടുന്നുവെന്നാണ് ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. 2017 ൽ ഇരുവരും ഡേറ്റിംഗ് നടത്തുമ്പോൾ, ഗോൾഡ് കോസ്റ്റിൽ അക്വാമാൻ സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ, ഹേർഡിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ മസ്‌കിൻ്റെ സുരക്ഷാ ടീം ഒരു ഓസ്‌ട്രേലിയൻ സ്വകാര്യ അന്വേഷണ സ്ഥാപനത്തെ നിയോഗിച്ചതായാണ് സൂചനകൾ വ്യക്തമാക്കുന്നത്. നിരീക്ഷണം വിപുലമായ രീതിയിലായിരുന്നുവെന്നും, ഒന്നിലധികം പ്രവർത്തകരും ഇൻഫ്രാറെഡ് ക്യാമറകളും ഡ്രോണുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഈ ആരോപണങ്ങളോട് ഒന്നും തന്നെ മറുപടി പറയാൻ മസ്ക് തയ്യാറായിട്ടില്ല.