ന്യയോര്‍ക്ക്: തന്റെ 50 വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത പോപ് ഗായകന്‍ എല്‍റ്റണ്‍ ജോണ്‍. ഫെയര്‍വെല്‍ യെല്ലോ ബ്രിക്ക് റോഡ് ടൂര്‍ എന്ന ലോക പര്യടന പരിപാടി പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍റ്റണ്‍ ജോണ്‍ താന്‍ പര്യടനങ്ങള്‍ ഇതോടെ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. മൂന്ന് വര്‍ഷം നീളുന്ന ഈ പര്യടന പരിപാടിയില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി 300ലേറെ പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് തന്റെ കരിയറിലെ അവസാനത്തെ സംഗീത പര്യടനമായിരിക്കുമെന്നും ബാക്കിയുള്ള സമയം തന്റെ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ന്യൂയോര്‍ക്കില്‍ പരിപാടി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

1973ലെ സ്വന്തം ആല്‍ബമായ ഗുഡ്‌ബൈ യെല്ലോ ബ്രിക്ക് റോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ പര്യടനപരിപാടിക്ക് പോപ്പ് താരം പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പെന്‍സില്‍വാനിയയില്‍ നിന്ന് പര്യടനം ആരംഭിക്കും. 2020ല്‍ യുകെയില്‍ എത്തുന്ന യാത്രയില്‍ 10 നഗരങ്ങള്‍ സന്ദര്‍ശിക്കും. ഗോഥാം ഹാളില്‍ സിഎന്‍എന്‍ അവതാരകന്‍ ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍ നല്‍കിയ ചെറിയ അവതാരികയ്ക്ക് ശേഷമായിരുന്നു സ്റ്റേജില്‍ പോപ് ഇതിഹാസം പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പായി എല്‍റ്റന്‍ ജോണിന്റെ സംഗീത ജീവിതത്തത്തേക്കുറിച്ചുള്ള ഒരു വിര്‍ച്വല്‍ റിയാലിറ്റി ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശിപ്പിച്ചു.

പിന്നീട് പിയാനോയുമായി സ്‌റ്റേജിലെത്തിയ ഗായകന്‍ തന്റെ എക്കാലത്തെയും ഹിറ്റുകളായ ടൈനി ഡാന്‍സര്‍- അപ്രോപ്രിയേറ്റ്‌ലി-ഐ ആം സ്റ്റില്‍ സ്റ്റാന്‍ഡിംഗ് എന്നിവ അവതരിപ്പിച്ചു. ഇവയ്ക്ക് ശേഷമാണ് തന്റെ പദ്ധതികള്‍ ആരാധകരുമായി അദ്ദേഹം പങ്കുവെച്ചത്.