ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ന് ബ്രിട്ടൻ നിർത്താതെ സംസാരിക്കുന്നത് എമ്മയെക്കുറിച്ചാണ്. 1977നു ശേഷം ഒരു ഗ്രാൻസ്ലാം കിരീടവുമായി ബ്രിട്ടനിലേക്ക് പറന്നിറങ്ങുന്ന എമ്മ റാഡുകാനു രാജ്യത്തിന്റെ ഓമനപുത്രിയായി മാറിക്കഴിഞ്ഞു. കാനഡയുടെ ലെയ് ല ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-4,6-3) കീഴ് പ്പെടുത്തിയാണ് യുഎസ് ഓപ്പണിൽ തന്റെ കന്നി കിരീടം പതിനെട്ടുകാരിയായ എമ്മ സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ട് കളിച്ചെത്തി, തുടരെയുള്ള ഇരുപത് സെറ്റുകൾ വിജയിച്ചുകയറിയാണ് കിരീടം ചൂടിയത്. യുഎസ് ഓപ്പണിനു മുമ്പ് 150 -മത്തെ റാങ്കിൽ ആയിരുന്നെങ്കിൽ ഇന്ന് 23 -മത്തെ റാങ്കിലാണ് എമ്മ. ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ പൊരുതി നേടിയ കിരീടം മാറോടടുപിച്ച് എമ്മ പറഞ്ഞത് “ഇതൊരു സ്വപ്നം പോലെ തോന്നുന്നു” എന്നാണ്.
കഴിഞ്ഞ വിമ്പിൾഡണിൽ ഗ്രാൻസ്ലാം അരങ്ങേറ്റം നടത്തിയ എമ്മ പ്രീക്വാർട്ടർ വരെ എത്തിയെങ്കിലും ശ്വാസതടസ്സം കാരണം പിന്മാറേണ്ടി വന്നു. എമ്മയുടെ പിതാവ് ഇയാൻ റാഡുകാനു റുമേനിയക്കാരനും അമ്മ റെനീ ചൈനകാരിയുമാണ്. ഇരുവരും ഒന്നിച്ചു ജോലി ചെയ്ത കാനഡയിൽ വച്ചാണ് 2002 നവംബർ 13ന് എമ്മ ജനിക്കുന്നത്. തുടർന്ന് എമ്മയ്ക്ക് രണ്ട് വയസുള്ളപ്പോൾ അവർ ബ്രിട്ടനിലേക്ക് കുടിയേറി. കനേഡിയൻ, ബ്രിട്ടീഷ് പൗരത്വമുള്ള എമ്മ അഞ്ചാം വയസ്സിൽ തന്നെ ടെന്നിസ് റാക്കറ്റ് കയ്യിലെടുത്തു തുടങ്ങി. പതിനാറാം വയസ്സിൽ പ്രൊഫഷനലായി.
തന്റെ വിജയം നേരിട്ടു കാണാൻ മാതാപിതാക്കൾക്ക് കഴിയാതിരുന്നതിൽ സങ്കടമുണ്ടെങ്കിലും ബ്രിട്ടനിൽ അവർ വലിയ സന്തോഷത്തിലായിരിക്കുമെന്ന് എമ്മ പറഞ്ഞു. “പിതാവിനെ സന്തോഷിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ ഇത്തവണ അദ്ദേഹം തീർച്ചയായും ഒത്തിരി സന്തോഷിക്കും.” എമ്മ പുഞ്ചിരിയോടെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് മാതാപിതാക്കൾക്ക് ന്യൂയോർക്കിൽ എത്താൻ കഴിയാതിരുന്നത്. കളിയോടൊപ്പം പഠനത്തിലും മിടുക്കിയാണ് എമ്മ. എ ലെവൽ പരീക്ഷയിൽ കണക്കിൽ എ ഗ്രേഡ് നേടിയ എമ്മ ഇക്കണോമിക്സിൽ എ സ്റ്റാർ ഗ്രേഡ് ആണ് കരസ്ഥമാക്കിയത്. ഗ്രാൻസ്ലാം സമ്മാനത്തുകയായി 25 ലക്ഷം ഡോളറാണ് എമ്മയ്ക്ക് ലഭിക്കുക.
Leave a Reply