ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ന്യായമുന്നയിച്ച് ഇന്ത്യന്‍ വംശജനായ ജീവനക്കാരന്റെ പേര് മാറ്റണമെന്ന് മാനേജര്‍മാരുടെ നിര്‍ദേശം. ഭവേഷ് മിസ്ത്രി എന്ന 40കാരനാണ് ഈ നിര്‍ദേശം ലഭിച്ചത്. വംശീയ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനം സംബന്ധിച്ച് മിഡ്‌ലാന്‍ഡ്‌സില്‍ നടന്ന ഒരു പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. സ്വത്വത്തിന്റെ അടയാളമായ പേര് തദ്ദേശീയരുടെ സൗകര്യത്തിന് മാറ്റണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ പേര് ഇംഗ്ലീഷ് വത്കരിക്കണമെന്നും മാനേജര്‍മാര്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉച്ചരിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത, രണ്ടു സിലബിളുകള്‍ മാത്രമുള്ള തന്റെ പേര് മാറ്റണമെന്ന നിര്‍ദേശം അപമാനമായി തോന്നിയെന്ന് മിസ്ത്രി സര്‍വേയില്‍ വെളിപ്പെടുത്തി.
തങ്ങളുടെ പേരുകള്‍ പാശ്ചാത്യവത്കരിച്ചില്ലെങ്കില്‍ ജോലി പോലും നഷ്ടമാകുന്ന അവസ്ഥയാണ് യുകെയിലെ ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി എത്ത്‌നിക് (ബെയിം) വിഭാഗങ്ങളിലുള്ളവര്‍ നേരിടുന്നതെന്ന് പഠനം പറയുന്നു. സ്ലേറ്റര്‍ ആന്‍ഡ് ഗോര്‍ഡന്‍ ആണ് പഠനം നടത്തിയത്. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന അന്തരീക്ഷമായിരുന്നു തന്റെ ജോലിക്കെന്ന് ഭവേഷ് മിസ്ത്രി പറഞ്ഞു. ചില ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് പറഞ്ഞാണ് തന്നോട് പേരു മാറ്റാന്‍ മാനേജര്‍മാര്‍ ആവശ്യപ്പെട്ടത്. സാധ്യമല്ലെന്ന് താന്‍ അവരോട് പറഞ്ഞുവെന്നും മിസ്ത്രി വ്യക്തമാക്കി. തന്റെ പേരില്‍ രണ്ടു സിലബിളുകള്‍ മാത്രമേയുള്ളു. എന്നാല്‍ ക്രിസ്റ്റഫര്‍ പോലെയുള്ള പേരുകള്‍ അതിലും ദൈര്‍ഘ്യമുള്ളതാണെങ്കിലും ഉച്ചാരണത്തിന് ബുദ്ധിമുട്ടുള്ളതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും മിസ്ത്രി വിശദീകരിക്കുന്നു.
ഇത് തനിക്കു മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നമല്ല. തന്റെ അടുത്ത ബന്ധുവിനോട് ജോലി സ്ഥലത്ത് സ്റ്റീവ് എന്ന പേര് ഉപയോഗിക്കാനാണ് മേലുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. എന്റെ പേര് എന്നത് തികച്ചും വ്യക്തപരമായ സംഗതിയാണ്. എന്റെ മാതാപിതാക്കളാണ് അത് എനിക്കു തന്നത്. അത് മാറ്റണമെന്ന് പറയുന്നത് അപമാനിക്കലാണെന്നും മിസ്ത്രി കൂട്ടിച്ചേര്‍ത്തു.
Leave a Reply