ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിയന്ത്രണങ്ങളില്ലാത്ത പ്രഭാതം ബ്രിട്ടീഷുകാർ സ്വപ്നം കണ്ടു തുടങ്ങി. കോവിഡ് കേസുകളിലെ കുറവ് പ്രതീക്ഷയുണർത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങളും ഇല്ലാതാക്കുമെന്നത് വലിയ ആശ്വാസമാകും. ഇംഗ്ലണ്ടിൽ വർക്ക്‌ ഫ്രം ഹോമും കോവിഡ് പാസ്പോർട്ടും ഉൾപ്പെടെയുള്ള പ്ലാൻ ബി നിയന്ത്രണങ്ങൾ ജനുവരി 26 -ന് പിൻവലിക്കാനാണ് സാധ്യത. രോഗവ്യാപനം ഇതേ തോതിൽ കുറയുകയാണെങ്കിൽ പ്ലാൻ ബി നിയന്ത്രണങ്ങൾ പത്തു ദിവസത്തിനുള്ളിൽ നീക്കാൻ കഴിയുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഈ വാരാന്ത്യത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതി മെച്ചപ്പെടുകയാണെന്ന് ആരോഗ്യ-ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു. ആശുപത്രി പ്രവേശനത്തിലും കുറവുണ്ടായെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. സൂസൻ ഹോപ്കിൻസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

രാജ്യത്ത് ഇന്നലെ 70,924 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച 141,471 കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഒരാഴ്ച കൊണ്ട് കോവിഡ് കേസുകളിൽ 50% ശതമാനത്തിന്റെ കുറവ് ഉണ്ടായി. ഇന്നലെ 88 കോവിഡ് മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.

പ്ലാൻ ബി നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. രാജ്യം മുഴുവൻ അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാൻ ബി നിയന്ത്രണങ്ങളുടെ ഭാഗമായി ഡിസംബര്‍ ആദ്യ വാരമാണ് കോവിഡ് പാസ്സ്പോര്‍ട്ട് നിർബന്ധമാക്കിയത്. രോഗവ്യാപന തോത് ക്രമമായി കുറയുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രിമാർ നിർബന്ധിതരാകും.