ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജൂലൈ മുതൽ ഊർജ്ജ ബില്ലുകൾ ഏകദേശം 450 പൗണ്ട് കുറയും. കൺസൾട്ടൻസി സ്ഥാപനമായ കോൺവാൾ ഇൻസൈറ്റാണ് മെയ് 25 ന് ഓഫ്ജെം പ്രഖ്യാപിക്കുന്ന പുതിയ ഔദ്യോഗിക വില പരിധി പ്രകാരം ബില്ലുകൾ 446 പൗണ്ട് വരെ കുറയുമെന്ന് പ്രവചിച്ചത്. നിലവിൽ ഗവൺമെന്റിന്റെ ഊർജ്ജ വില ഗ്യാരണ്ടി കാരണം ഒരു സാധാരണ ഉപയോക്താവിനു അവരുടെ ഊർജ്ജത്തിനായി പ്രതിവർഷം 2,500 പൗണ്ട് ചിലവഴിച്ചാൽ മതി. ജൂലൈയിൽ പുതിയ വില പരിധി പ്രാബല്യത്തിൽ വരുമ്പോൾ ഇത് 2,054 പൗണ്ടായി കുറയുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. ഒക്ടോബറിൽ ഇത് 1,976 പൗണ്ടായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും വിശകലന വിദഗ്ധർ കൂട്ടിച്ചേർത്തു. ഒരു ശരാശരി കുടുംബത്തിനുള്ള ഓഫ്ജെംമിന്റെ നിലവിലെ പരിധി 3,280 പൗണ്ടാണ്, എന്നാൽ സർക്കാരിന്റെ ഗ്യാരന്റി സ്കീമിന് കുറഞ്ഞ പരിധി ഉള്ളതിനാൽ ഉപഭോക്താക്കളെ ഇത് നേരിട്ട് ബാധിക്കുന്നില്ല. ജൂലൈയിൽ ഓഫ്ജെംമിന്റെ പരിധി 3,000 പൗണ്ട് ആയി കുറയുന്ന സാഹചര്യത്തിൽ ഗ്യാരണ്ടിയുടെ പരിധി ഉയരാനാണ് സാധ്യത.
സർക്കാരിൻെറ ഊർജ്ജ വില ഗ്യാരണ്ടിയുടെ പദ്ധതി അടുത്ത മാർച്ചിൽ പൂർണ്ണമായും അവസാനിക്കും. അതേസമയം ഓഫ്ജെംമിന്റെ പുതിയ നീക്കം ജനങ്ങൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണെന്ന് കോൺവാൾ ഇൻസൈറ്റിന്റെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ ക്രെയ്ഗ് ലോറി പറഞ്ഞു. പ്രവചനങ്ങൾ അനുസരിച്ച് ഒരു ശരാശരി ഉപഭോക്താവിന് നിലവിലുള്ള ഊർജ്ജ വിലയിൽ നിന്ന് ഏകദേശം 450 പൗണ്ട് കുറയും. കഴിഞ്ഞ വർഷം നടന്ന റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ മൊത്തവ്യാപാര ഊർജ്ജത്തിന്റെ വില വർദ്ധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനുവരിയിൽ ഓഫ്ജെംമിന്റെ വില പരിധി 4,279 പൗണ്ട് ആയി ഉയർന്നിരുന്നു. സാധരണക്കാരെ സഹായിക്കുന്നതിൻെറ ഭാഗമായി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിരുന്നു. ഊർജ്ജ ബില്ലുകൾ 2021-ൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇപ്പോഴും 1,000 പൗണ്ട് കൂടുതലാണ്.
Leave a Reply