ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- എനർജി റെഗുലേറ്റർ ഓഫ്‌ജെം തങ്ങളുടെ പുതിയ പ്രൈസ് കാപ്പുകൾ പ്രഖ്യാപിക്കുന്നതോടെ ഊർജ്ജ നിരക്കുകളിൽ ക്രമാതീതമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ജനങ്ങൾ. ഒരു വർഷം 293 പൗണ്ട് കുറയുന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഓവോ, ഇ ഡബ്യു എഫ്, ഒക്ടോപ്പസ് തുടങ്ങിയ കമ്പനികളിലെ ഉപഭോക്താക്കൾക്ക് ഊർജ്ജ ബില്ലുകൾ ഒരു വർഷം 1928 പൗണ്ട് എന്നതിൽ നിന്നും 1635 പൗണ്ടായി ഏപ്രിൽ 1 മുതൽ കുറയുമെന്നാണ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.
കൺസൾട്ടൻസിയായ കോൺവാൾ ഇൻസൈറ്റ് 14% ഇടിവാണ് പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങളെ ഓഫ്ജെമിന്റെ വില പരിധി ബാധിക്കുന്നുണ്ട്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാർക്ക് ഈടാക്കാവുന്ന പരമാവധി തുകയാണ് ഓഫ്ജെം റെഗുലേറ്റർ ഇന്ന് പ്രഖ്യാപിക്കുക. അതിനാൽ തന്നെ ഒരാൾ കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിനനുസരിച്ച് ബില്ലുകളിലും വർദ്ധനയുണ്ടാകും.
ബ്രിട്ടനിലെ ജനങ്ങൾക്ക് മേലുള്ള സമ്മർദ്ദത്തിന് ഊർജ്ജനിരക്കുകളിലെ കുറവ് കുറച്ചധികം ആശ്വാസം നൽകുമെന്ന് എനർജി സേവിങ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് മൈക്ക് തോൺറ്റൺ വ്യക്തമാക്കി. ബ്രിട്ടനെ കൂടുതൽ ഊർജ്ജ സുസ്ഥിരതയുള്ള രാജ്യം ആക്കി മാറ്റുക എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പാർട്ടികളും ഇത് തങ്ങളുടെ ഇലക്ഷൻ പ്രഖ്യാപനം ആക്കി മാറ്റുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ഈ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ മാറ്റങ്ങൾ ഏപ്രിൽ മാസം മുതലാണ് നിലവിൽ വരിക. ഊർജ്ജ ബില്ലുകളിൽ ഊർജ്ജ ചെലവ് കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 2019 ലാണ് സർക്കാർ ഈ റെഗുലേറ്ററി സംവിധാനം കൊണ്ടുവന്നത്. ഹോൾസെയിൽ ഊർജ്ജനിരക്കുകളെ ആശ്രയിച്ച് ആയിരിക്കും ഓഫ്ജെമിന്റെ പ്രഖ്യാപനവും. ഊർജ്ജം നിരക്കുകൾ കുറയുന്നത് ആശ്വാസകരമാണെങ്കിലും, 2019 ൽ ഇത് ആരംഭിച്ച സമയത്തെക്കാൾ 500 പൗണ്ട് കൂടുതലാണ് നിലവിലെ നിരക്കുകൾ എന്നത് ആശങ്കയുളവാക്കുന്നുണ്ട്.
Leave a Reply