ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഒക്ടോബറിൽ ഗാർഹിക ഊർജ ബില്ലിൽ 800 പൗണ്ടിന്റെ വർധനയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എനർജി റെഗുലേറ്റർ. ഗ്യാസ് വിലകളിലെ തുടർച്ചയായ ചാഞ്ചാട്ടം കാരണം ഊർജ്ജ വില പരിധി, പ്രതിവർഷം £2,800 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഫ്ഗം മേധാവി ജോനാഥൻ ബ്രെയർലി പറഞ്ഞു. ഇന്ധന ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 12 മില്യൺ ആയി ഉയരും. 1970-കളിലെ എണ്ണ പ്രതിസന്ധിക്ക് ശേഷം ഒരിക്കലും കണ്ടിട്ടില്ലാത്ത വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്ന് ബ്രെയർലി പറഞ്ഞു. വരുമാനത്തിന്റെ 10 ശതമാനമോ അതിൽ കൂടുതലോ ഊർജത്തിനായി ചെലവഴിക്കേണ്ടിവരുമ്പോഴാണ് ഒരു കുടുംബം ഇന്ധന ദാരിദ്ര്യത്തിലാണെന്ന് പറയുക.
ഊർജ വില പരിധി ഏപ്രിലിൽ കുത്തനെ ഉയർന്ന് 1,971 പൗണ്ടിലെത്തി. ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന വീടുകൾ ഇപ്പോൾ പ്രതിവർഷം ശരാശരി 700 പൗണ്ട് അധികമായി നൽകുന്നുണ്ട്. ഇതിനു പിന്നാലെയാണ് എനർജി ബില്ലിൽ വീണ്ടും വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പ്. ഇപ്പോൾ തന്നെ ജീവിതചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും വെയിൽസിലും വർധന ഉണ്ടാകും.
യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള വാതക വിപണിയിലെ അവസ്ഥ മോശമായതായി ബ്രെയർലി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഒന്നായ റഷ്യ, വിതരണം തടസ്സപ്പെടുത്താൻ തീരുമാനിച്ചാൽ വില പരിധി കുത്തനെ ഉയരും. യൂറോപ്പിന് പ്രകൃതി വാതകത്തിന്റെ 40% റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ വിതരണം വെട്ടിക്കുറയ്ക്കുന്നത് വലിയ സാമ്പത്തിക ആഘാതം സൃഷ്ടിക്കും. ആഗോള വിപണിയിലെ വില വർധന യുകെയെയും ദുരിതത്തിലാക്കും.
Leave a Reply