എനര്‍ജി ഡ്രിങ്കുകള്‍ പക്ഷാഘാത സാധ്യത ഉയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മനുഷ്യരില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 500 ശതമാനം ഉയരാന്‍ ഇവ കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഡ്രിങ്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ക്രമരഹിതമായ ഹൃദയസ്പന്ദനം കാണപ്പെടുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. യുകെയില്‍ സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010ല്‍ 463 മില്യന്‍ ലിറ്ററും 2017ല്‍ 679 മില്യന്‍ ലിറ്ററും സോഫ്റ്റ് ഡ്രിങ്കുകളാണ് യുകെയിലുള്ളവര്‍ കുടിച്ചു തീര്‍ത്തത്. നിലവില്‍ പ്രതിവര്‍ഷം 2 ബില്യന്‍ പൗണ്ട് മൂല്യമുള്ളതാണ് യുകെയിലെ എനര്‍ജി ഡ്രിങ്ക് മാര്‍ക്കറ്റ്.
ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കുന്ന അറിത്ത്മിയ എന്ന അസുഖത്തിലേക്ക് നയിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പക്ഷാഘാത സാധ്യത അഞ്ചിരട്ടി ഉയര്‍ത്തും. ഈ രോഗാവസ്ഥയുണ്ടാകാന്‍ ഹൃദയത്തിന് ആരോഗ്യക്കുറവുണ്ടാകണമെന്ന നിര്‍ബന്ധമില്ലെന്ന് ദി അറിത്ത്മിയ അലയന്‍സ് സിഇഒ ട്രൂഡീ ലോബാന്‍ പറയുന്നു. ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീനിലെ ഘടകങ്ങള്‍ മാത്രം മതി ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കാന്‍. ആറോ ഏഴോ കോഫി ഒരു ദിവസം കുടിച്ചാല്‍ ഈ അവസ്ഥയുണ്ടാകാം.
എന്നാല്‍ അതിലുമേറെയാണ് എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ്. 250 മില്ലിലിറ്റര്‍ എനര്‍ജി ഡ്രിങ്കില്‍ 80 മില്ലീഗ്രാം കഫീന്‍ അടങ്ങിയിരിക്കും. കോളകളിലുള്ളതിനേക്കാള്‍ ഇരട്ടിയും 60 മില്ലി എസ്ര്പ്രസോയിലുള്ളതിനൊപ്പവുമാണ് ഈ നിരക്ക്. കഫീന്‍ മിതമായി ഉപയോഗിക്കുന്നത് കുഴപ്പമുണ്ടാക്കുന്നില്ലെങ്കിലും അമിതമായി ഉപയോഗിക്കുന്നത് അതീവ ഗുരുതരമായ അവസ്ഥകളിലേക്ക് തള്ളിവിട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
Leave a Reply