ന്യൂസ് ഡെസ്ക്, മലയാളം യുകെ
16 വയസ്സിന് താഴെയുള്ളവരിൽ എനർജി ഡ്രിങ്ക്സ് വാങ്ങുന്നത് നിയമം മൂലം നിരോധിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇതോടെ ഈ പ്രായപരിധിയിൽ ഉള്ളവർ കടകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വെൻഡിംഗ് മെഷീനുകൾ എന്നീ ഇടങ്ങളിൽ നിന്ന് റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം തുടങ്ങിയ എനർജി ഡ്രിങ്ക്സ് വാങ്ങുന്നത് കുറ്റകരമാകും. മിക്ക സൂപ്പർമാർക്കറ്റുകളും ഇതിനകം സ്വമേധയാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും യുകെയിലെ കുട്ടികളിൽ മൂന്നിലൊന്ന് പേർ വരെ എല്ലാ ആഴ്ചയും ഇത്തരം പാനീയങ്ങൾ കഴിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇത്തരം പല ജനപ്രിയ എനർജി ഡ്രിങ്കുകളിൽ രണ്ട് കപ്പ് കാപ്പിയെക്കാൾ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് കുട്ടികൾക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അപൂർവ്വമാണെങ്കിൽ പോലും അധികം കഫീന്റെ ഉപയോഗം മൂലം മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണക്രമം കൂടുതൽ ആരോഗ്യകരമാക്കുന്നതിനുള്ള ഉചിതമായ നടപടി നിരോധനമാണെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിന്റെ പ്രസിഡന്റ് പ്രൊഫ. സ്റ്റീവ് ടർണർ പറഞ്ഞു.
ഇത്തരം പാനീയങ്ങൾ കുട്ടികൾ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഇവയുടെ സ്വാധീനത്തെ കുറിച്ച് പഠിച്ച ടീസൈഡ് സർവകലാശാലയിലെ പ്രൊഫ. അമേലിയ ലേക്ക് പറഞ്ഞു. ഇംഗ്ലണ്ട് കൂടാതെ വടക്കൻ അയർലൻഡ്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവയും നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. നിലവിലെ ലേബലിംഗ് നിയമങ്ങൾ പ്രകാരം ചായയോ കാപ്പിയോ ഒഴികെയുള്ള ഏത് പാനീയത്തിലും ലിറ്ററിന് 150 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ടെങ്കിൽ “ഉയർന്ന കഫീൻ ഉള്ളടക്കം. കുട്ടികൾക്കോ ഗർഭിണികൾക്കോ മുലയൂട്ടുന്ന സ്ത്രീകൾക്കോ ശുപാർശ ചെയ്യുന്നില്ല” എന്ന് പറയുന്ന മുന്നറിയിപ്പ് ലേബൽ ആവശ്യമാണ്.
ഇത്തരം പാനീയങ്ങളുടെ അമിതമായ ഉപഭോഗം തലവേദനയ്ക്കും ഉറക്ക പ്രശ്‌നങ്ങൾക്കും കാരണമാകും. അമിതമായ കഫീൻ വേഗത്തിലുള്ള ഹൃദയമിടിപ്പ്, അസാധാരണമായ ഹൃദയ താളം, അപസ്മാരം എന്നിവയ്ക്കും കാരണമാകും. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ കണക്കിലെടുത്ത് ഈ പ്രശ്നം അടിയന്തിര പ്രധാന്യത്തോടെ സർക്കാർ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യ-സാമൂഹിക പരിപാലന സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
Leave a Reply