ഹൈദരാബാദ്: സി.ബി.ഐയെ വിലക്കിയ ആന്ധ്രാപ്രദേശില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായ നികുതി വകുപ്പിനെയും ഇറക്കി കേന്ദ്രസര്‍ക്കാര്‍. തെലുങ്കുദേശം പാര്‍ട്ടിയിലെ പ്രമുഖനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ വൈ.എസ് ചൗധരി എം.പിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കലും മറ്റ് സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ചാണ് റെയ്ഡ് നടക്കുന്നത്. ആന്ധ്രയില്‍ സി.ബി.ഐയ്ക്കും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാന്‍ നല്‍കിയിരുന്ന പൊതുധാരണ പിന്‍വലിച്ച് കഴിഞ്ഞ എട്ടിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
എം.പിയുടെ വീട്ടിലും റെയ്ഡ് നടക്കുന്ന വിവരം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭമായ സുജന ഗ്രൂപ്പ് സ്ഥിരീകരിച്ചു. സുജന ഗ്രൂപ്പുമായി ബന്ധപ്പെട്ട് മുന്‍പ് സിബിഐ നടത്തിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് സൂചനയുണ്ട്. സുജന ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തിയിരുന്ന കടലാസ് കമ്പനി ഡയറക്ടര്‍മാരുടെ ഇമെയില്‍ സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്തിയിരുന്നു. നാഗര്‍ജുന ഹില്‍സിലും ജൂബിലി ഹില്‍സിലുമുള്ള ചൗധരിയുടെ കമ്പനികളില്‍ രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത്.
നരേന്ദ്ര മോഡി സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന ചൗധരി മാര്‍ച്ചില്‍ സര്‍ക്കാരിന് ടിഡിപി പിന്തുണ പിന്‍വലിച്ചതോടെയാണ് രാജിവച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.
Leave a Reply