ബിസിനസുകളിലും ജോലികളിലും ഏര്‍പ്പെടുന്നതിനു പകരം സ്ത്രീകള്‍ കുട്ടികളെയും കുടുംബത്തെയും നോക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ മുതിര്‍ന്ന എന്‍ജിനീയറെ സ്ഥാപനം പുറത്താക്കി. മാന്‍ഗ്ലിന്‍ പില്ലേ എന്ന സൗത്ത് ആഫ്രിക്കന്‍ സിവില്‍ എന്‍ജിനീയറെയാണ് സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സിവില്‍ എന്‍ജിനീയറിംഗ് (SAICE) പുറത്താക്കിയത്. സിവില്‍ എന്‍ജിനീയറിംഗ് എന്ന പേരിലുള്ള ഇന്‍ ഹൗസ് മാഗസിനിലെ കോളത്തിലാണ് ഈ സ്ഥാപനത്തിന്റെ സിഇഒ കൂടിയായ പില്ലേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ സയന്റിഫിക് പ്രൊഫഷനുകള്‍ കൂടുതലായി തെരഞ്ഞെടുക്കാത്തതിന് കാരണം അവര്‍ക്ക് കെയറിംഗിനോട് കൂടുതല്‍ താല്‍പര്യമുള്ളതിനാലാണെന്ന് പില്ലേ തന്റെ ലേഖനത്തില്‍ പറഞ്ഞു. പിന്നീട് ഈ പരാമര്‍ശത്തില്‍ ഇദ്ദേഹം ഖേദപ്രകടനം നടത്തിയെങ്കിലും കമ്പനി കോണ്‍ട്രാക്ട് റദ്ദാക്കുകയായിരുന്നു.
സെയ്‌സിന്റെ ഇന്‍ ഹൗസ് മാസികയുടെ വായനക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. ഇവരില്‍ 5 ശതമാനം സ്ത്രീകളാണ്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയവയില്‍ കരിയര്‍ ആരംഭിക്കാന്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ രംഗത്തെത്തുന്നതിനെക്കുറിച്ചായിരുന്നു ലേഖനം ചര്‍ച്ച ചെയ്തത്. ജോലി ചെയ്യാനുള്ള ത്വരയും ഉയര്‍ന്ന പെര്‍ഫോമന്‍സ് ആവശ്യങ്ങളുമാണ് പുരുഷന്‍മാരെ ഹൈ പ്രൊഫൈല്‍ ജോലികളിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് ലേഖനം അവകാശപ്പെടുന്നത്. ഫാമിലി, സോഷ്യല്‍, ഹോബി സമയങ്ങള്‍ ചെലവഴിക്കാത്തവരാണത്ര ഏറ്റവും നന്നായി ജോലി ചെയ്യുന്നവര്‍.
കുടുംബം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ ജോലികളില്‍ തല്‍പരരായിരിക്കുന്നതിനാലാണ് ഇത്തരം ജോലികളില്‍ സ്ത്രീകള്‍ കാര്യമായി എത്താത്തതെന്നും ലേഖനം വാദിക്കുന്നു. സ്ത്രീവിരുദ്ധമെന്ന് വിലയിരുത്തപ്പെട്ട ഈ പരാമര്‍ശങ്ങളുടെ പേരില്‍ പ്രമുഖ എന്‍ജിനീയറിംഗ് സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്തു നിന്ന് ഇയാളെ നീക്കം ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്ന് സൗത്ത് ആഫ്രിക്കയുടൈ ജെന്‍ഡര്‍ ഇക്വാളിറ്റി കമ്മീഷന്‍ അറിയിച്ചു. രാജ്യത്തെ സയന്‍സ് മന്ത്രി മാമോലോകോ കുബായി എന്‍ഗുബാനേ പില്ലേയുടെ ലേഖനത്തെ അപലപിച്ചു.
Leave a Reply