ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ: ജയിലുകൾ നിറഞ്ഞു കവിഞ്ഞതോടെ ശിക്ഷാവിധികൾ വൈകിപ്പിക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകി യു.കെ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ക്രിമിനൽ കോടതി ജഡ്ജിമാർക്കാണ് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർക്കുള്ള ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ച വരെ നീട്ടാനാണ് നിർദ്ദേശം. ഇതിന് പുറമെ ശിക്ഷയനുഭവിക്കുന്ന കുറ്റവാളികളെ കാലാവധി പൂർത്തിയാകും മുമ്പ് പുറത്ത് വിടാൻ സർക്കാരും ആലോചിക്കുന്നുണ്ട്.
88,016 പേരാണ് നിലവിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ കഴിയുന്നത്. ഇനി 654 പേരെ കൂടി പാർപ്പിക്കാനുള്ള ഇടമേ ജയിലുകളിലുള്ളൂ. രാജ്യത്ത് 20,000 പുതിയ ജയിലുകൾ നിർമ്മിക്കുമെന്ന വാഗ്ദാനവുമായാണ് 2019 ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി മത്സരിച്ചത്. എന്നാൽ അധികാരത്തിലെത്തിയശേഷം സർക്കാർ വാഗ്ദാനം പാലിച്ചില്ല.
ശിക്ഷാവിധികൾ വൈകിപ്പിക്കണമെന്ന നിർദ്ദേശത്തിൽ പല ജഡ്ജിമാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബലാത്സംഗ കേസുകളിലെയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലെയും പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞിട്ടും ജാമ്യത്തിൽ തുടരുന്നത് നീതിയല്ലെന്നാണ് ഒരു ജഡ്ജി പറഞ്ഞത്.
Leave a Reply