ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തർ: ലോകകപ്പ് ആവേശത്തിലാണ് എല്ലാ കായിക പ്രേമികളും. ഗ്രൂപ്പ്‌ ബി യിലെ ആദ്യ മത്സരത്തിൽ ഇന്ന് നടന്ന ഇംഗ്ലണ്ട് ഇറാൻ പോരാട്ടത്തിൽ ഇംഗ്ലണ്ട് അഞ്ചു ഗോളുകൾക്ക് വിജയിച്ചു. 35 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ജൂഡ് ബെല്ലിങ്ഹാം (35), ബുകായോ സാക (43,62), റഹിം സ്റ്റെർലിങ് (45+1) ഗ്രീലിഷ് (90)എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ലൂക്ക് ഷാ, ഹാരി മഗ്വയർ, ക്യാപ്റ്റൻ ഹാരി കെയ്ൻ സ്റ്റെർലിങ്, വിൽസൺ എന്നിവർ ഗോളുകളെ അസ്സിസ്റ്റ്‌ ചെയ്തു.

മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കേവലം രണ്ട് ഗോൾ മാത്രമാണ് ഇറാന് നേടാനായത്. രണ്ടാം പകുതിയിൽ 65 ആം മിനിറ്റിൽ ടറോമിയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് തങ്ങളുടെ മേൽകൈ ഉറപ്പാക്കി. രണ്ടിനെതിരെ ആറ് ഗോളുകളിലൂടെ ഇംഗ്ലണ്ടിനു മറുപടി നൽകിയ നിമിഷത്തെ ആരാധകർ ഒന്നടങ്കം നെഞ്ചേറ്റിയിരിക്കുകയാണ്.

സഹതാരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്റാൻവൻഡിനെ നഷ്ടമായതാണ് ഇറാന് തിരിച്ചടിയായത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയിൽ ഇറാൻ ഗോൾകീപ്പറും പ്രതിരോധനിരക്കാരനും തമ്മിൽ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്ത് വലത് വിങ്ങിൽ നിന്ന് ഹാരി കെയ്ൻ മികച്ച ക്രോസ്സ് നൽകി. ഇത് പ്രതിരോധിക്കുന്നതിനിടയിലാണ് ഇറാൻ ടീമംഗങ്ങൾ കൂട്ടിയിടിച്ചത്. ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റാൻവാൻഡും മജിദ് ഹൊസ്സെയിനിയുമാണ് കൂട്ടിയിടിച്ചത്.

തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടൻ തന്നെ മെഡിക്കൽ സംഘം പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാൽ സെക്കന്റുകൾക്കകം ഗോൾകീപ്പർ ബെയ്റാൻവാൻഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. അതോടെ താരത്തെ പിൻവലിച്ചു. പകരം ഗോൾകീപ്പറായി ഹൊസെയ്ൻ ഹോസ്സെയ്നി കളത്തിലിറങ്ങിയെങ്കിലും ഇംഗ്ലണ്ടിന്റെ ഗോൾ മഴയെ തടയാൻ സാധിച്ചില്ല.