ബിനോയ് ജോസഫ്, സ്പോര്‍ട്സ് ഡെസ്ക്
ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ടീമിന് വിജയത്തുടക്കം. ആർപ്പുവിളിക്കുന്ന ഇംഗ്ലീഷ് ആരാധകർക്ക് മുന്നിൽ മനോഹരമായ കളി കാഴ്ചവച്ച ഇംഗ്ലീഷ് ടീം ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. കളിയുടെ എല്ലാ മേഖലകളിലും മികവു കാട്ടിയ ഇംഗ്ലണ്ട് പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത്. റഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ടീമിനെ നയിക്കുന്നത്. 24 കാരനായ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും നേടിയത്. പതിനൊന്നാം മിനിട്ടിൽ ടീമിന്റെ ആദ്യ ഗോൾ പിറന്നു. കോർണർ കിക്ക് ആണ് ഗോളിനു വഴി തെളിച്ചത്. എന്നാൽ മുപ്പത്തഞ്ചാമത്തെ മിനിട്ടിൽ ടുണീഷ്യൻ കളിക്കാരനെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽട്ടി നല്കിയത് ടുണീഷ്യയുടെ സാസി നെറ്റിലാക്കി സമനില പിടിച്ചു.
ടുണീഷ്യയുടെ പോസ്റ്റിലേയ്ക്ക് നിരന്തരം റെയ്ഡ് നടത്തിയ ഇംഗ്ലണ്ട് ടീം ഫുൾടൈം കഴിഞ്ഞുള്ള എക്ട്രാ ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ വീണ്ടും ടുണീഷ്യൻ വലയിൽ പന്തെത്തിച്ചു. കോർണർ കിക്കാണ് വീണ്ടും ഗോളിനു വഴിയൊരുക്കിയത്. 3-5-2 ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പനാമ, ടുണീഷ്യ, ബെൽജിയം എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.
Leave a Reply