ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ 5 വയസ്സു മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ തീരുമാനമായി. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് കുറഞ്ഞ ഡോസുള്ള വാക്സിൻ ആയിരിക്കും നൽകുന്നത്. കോവിഡ് ബാധിച്ച് ഗുരുതരപ്രശ്നങ്ങൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും ആ രീതിയിലുള്ള അപകടത്തേയും ഒഴിവാക്കുന്നതിന് പുതിയ തീരുമാനം സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്.
5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത് മാതാപിതാക്കളുടെ താല്പര്യം അനുസരിച്ച് തീരുമാനിക്കാം എന്നുള്ള നയമായിരിക്കും ഗവൺമെൻറ് സ്വീകരിക്കുക എന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. അതുപോലെതന്നെ കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പ് അടിയന്തര പ്രാധാന്യമില്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റു പ്രായക്കാരെ അപേക്ഷിച്ച് കോവിഡ് ബാധിച്ച് കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ അവർക്ക് വാക്സിൻ നൽകുന്നതിൻെറ ആവശ്യകത മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പല കുട്ടികളും ഇതിനോടകം തന്നെ വൈറസ് ബാധിച്ചുള്ള ആർജ്ജിത പ്രതിരോധശേഷി നേടിയിട്ടുണ്ടാകും. സ്കൂൾ അവധി ദിവസങ്ങളിലായിരിക്കും കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുക. വാക്‌സിൻ സ്വീകരിക്കുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന പാർശ്വഫലങ്ങൾ അവരുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താതിരിക്കാനാണ് ഈ നടപടി.
Leave a Reply