ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മദ്യപാനം വളരെ ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. 2022 -ൽ മാത്രം 10048 മരണങ്ങൾ ആണ് മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടായതായി കണക്കുകൾ കാണിക്കുന്നു. യുകെയിൽ സ്കോട്ട്ലൻഡിലും അയർലൻഡിലും ആണ് മദ്യപാനം മൂലമുള്ള കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ മദ്യപാനം മൂലമുള്ള മരണനിരക്ക് മൂന്നിരട്ടി കൂടുതലാണെന്ന് കണക്കുകൾ കാണിക്കുന്നത് .


വളരെ വിലകുറച്ച് മദ്യത്തിൻ്റെ ലഭ്യതയാണ് ഉപയോഗം വർധിക്കാൻ ഒരു പ്രധാന കാരണം . മദ്യപാനം മൂലമുള്ള പ്രതിദിന മരണനിരക്ക് വർഷംതോറും 10 ശതമാനം വർദ്ധിക്കുന്നതായി ആണ് കണക്കുകൾ കാണിക്കുന്നത്. ഈ അപകടകരമായ പ്രശ്നത്തെ നേരിടാൻ മദ്യത്തിന്റെ മിനിമം യൂണിറ്റ് വില കൊണ്ടുവരാൻ ഉള്ള നടപടികൾ ഇംഗ്ലണ്ടിൽ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സൂപ്പർമാർക്കറ്റുകളിലും ഓഫ്-ലൈസൻസുകളിലും വിലകുറഞ്ഞ മദ്യത്തിൻ്റെ വില വർധിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യമാണ് ഉയർന്നു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിൽ രണ്ട് ലിറ്റർ കുപ്പി സിഡെർ 2 പൗണ്ടിൽ താഴെ വിലയ്ക്ക് വാങ്ങാം. അതായത് ഒരു യൂണിറ്റ് മദ്യത്തിന് 22 P മാത്രമേ ആകുന്നുള്ളൂ.

പുതിയ ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ മദ്യത്തിന്റെ മിനിമം യൂണിറ്റ് വില വർദ്ധനവ് തള്ളിക്കളഞ്ഞെങ്കിലും ആരോഗ്യരംഗത്തെ പ്രശ്നങ്ങളെ പരിഗണിച്ച് ഈ വിഷയത്തിൽ ഒരു അവലോകനം നടത്തും എന്നു തന്നെയാണ് ആരോഗ്യരംഗത്ത് വിദഗ്ധർ വിലയിരുത്തുന്നത്. അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങളും ആശുപത്രി പ്രവേശനവും കുറയ്ക്കുന്നതിന് ഈ നടപടി ആവശ്യമാണെന്ന് അസോസിയേഷൻ ഓഫ് ഡയറക്‌ടേഴ്‌സ് ഓഫ് പബ്ലിക് ഹെൽത്തിൻ്റെ പ്രസിഡൻ്റ് ഗ്രെഗ് ഫെൽ പറഞ്ഞു. മദ്യത്തിൻ്റെ വില ഉയർത്തിയാൽ അത് ഉപഭോഗത്തിൻ്റെ അളവ് കുറയ്ക്കും എന്ന്
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ യൂറോപ്യൻ പബ്ലിക് ഹെൽത്ത് പ്രൊഫസർ മാർട്ടിൻ മക്കീ പറഞ്ഞു.