ലോകകപ്പിൽ ഇനി പുതിയ തമ്പുരാക്കന്മാർ. ചരിത്രത്തിലാധ്യമായി ഇംഗ്ലണ്ടിന് കിരീടം. കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം ഫൈനലിലും കിരീടം നഷ്ടപ്പെടുത്തി കിവികൾ നാട്ടിലേക്ക്.

ഇരു ടീമുകളും ടൈയിൽ പിരിഞ്ഞ സാഹചര്യത്തിലാണ് മൽസരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന പന്തിൽ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റൺസെന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർക്ക് വുഡ് റണ്ണൗട്ടായതാണ് നിർണായകമായത്. ഇതോടെ മൽസരം ടൈയിൽ പിരിഞ്ഞു.

സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ബട്ലറും സ്റ്റോക്സും. ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ രണ്ട് ബൗണ്ടറി ഉൾപ്പടെ 15 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനെത്തിയ ന്യൂസിലൻഡിന് വേണ്ടി നീഷം ഒരു സിക്സ് ഉൾപ്പടെ 13 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ വീണ്ടും രണ്ട് റൺസ് വിജയലക്ഷ്യം. ഡബിളിനോടിയ ഗപ്റ്റിലിനെ പുറത്താക്കി വീണ്ടും സമനില. കൂടുതൽ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു.

ബെൻ സ്റ്റോക്സ് 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 84 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കെതിരായ സെമി പോരാട്ടത്തിൽ മഹേന്ദ്രസിങ് ധോണിയെ റണ്ണൗട്ടാക്കിയ ‘ഡയറക്ട് ഹിറ്റി’ലൂടെ താരമായ മാർട്ടിൻ ഗപ്ടിൽ, അവസാന ഓവറിൽ ഓവർത്രോയിലൂടെ വഴങ്ങിയ നാലു റണ്‍സാണ് ന്യൂസീലൻഡിനു വിനയായത്.

60 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസുമായി ഇംഗ്ലണ്ടിനെ തകർച്ചയിൽനിന്നു കരകയറ്റിയ ജോസ് ബട്‍ലറും തൊട്ടുപിന്നാലെ ക്രിസ് വോക്സുമാണ് (നാലു പന്തിൽ രണ്ട്) പുറത്തായത്. ലോക്കി ഫെർഗൂസന്റെ പന്തിൽ പകരക്കാരൻ ഫീൽഡർ ടിം സൗത്തി ക്യാച്ചെടുത്താണ് ബട്‍ലറിന്റെ മടക്കം. ഫെർഗൂസന്റെ അടുത്ത ഓവറിൽ വോക്സും മടങ്ങി. 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റിൽ സ്റ്റോക്സ് – ബട്‍ലർ സഖ്യം കൂട്ടിച്ചേർത്ത 110 റൺസാണ് കരുത്തായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോ‍ഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.

മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.

ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.