ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൽ വിദഗ്ധ ചികിത്സ ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസം ഒരു പുതിയ വാർത്തയല്ല. എന്നാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ വരെ ചികിത്സാ താമസത്തിന് ക്രൂരമായി ഇരയാകുന്ന റിപ്പോർട്ടുകൾ ആണ് മനുഷ്യ മന:സാക്ഷിയുള്ളവരെ ഞെട്ടിക്കുന്നത് . അത്യാസന്ന നിലയിലുള്ള രോഗികൾ വിദഗ്ധ ചികിത്സ ലഭിക്കാതെ ജീവൻ വെടിയുന്ന സാഹചര്യങ്ങളും വർദ്ധിച്ചു വരുകയാണ്’.
പലപ്പോഴും ഇത്തരം മന:സ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾക്ക് ദൃക്സാക്ഷികളാകേണ്ടി വരുന്നത് അത്യാഹിത വിഭാഗത്തിൽ ജോലിചെയ്യുന്ന പാരാമെഡിക്കൽ ജീവനക്കാരാണ്. യുകെയിൽ ചില ആശുപത്രികളിൽ കാഷ്വാലിറ്റി ഡിപ്പാർട്ട്മെൻ്റിന് പുറത്ത് 20 ആംബുലൻസുകൾ വരെ ക്യൂവിൽ കിടക്കുന്ന സാഹചര്യം ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല കേസുകളിലും, രോഗികളെ കൈമാറുന്നതിന് മുമ്പ് ജീവനക്കാർ 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
ഏകദേശം 600 ആംബുലൻസ് ജീവനക്കാരുടെ ഇടയിൽ നടത്തിയ സർവേയിൽ പുറത്തുവരുന്ന വിവരങ്ങൾ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങളാണ്. യൂണിസൻ ആണ് സർവേ നടത്തിയത്. കാർ പാർക്കിംഗ് പരിചരണം കൂടുതലായി മാറി കൊണ്ടിരിക്കുകയാണെന്ന് യൂണിസൺ മുന്നറിയിപ്പ് നൽകുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 588 ജീവനക്കാരുടെ സർവേയിൽ പങ്കെടുത്തവരിൽ ഏഴിൽ ഒരാൾ (16%) 12 മണിക്കൂറോ അതിൽ കൂടുതലോ അത്യാഹിത വിഭാഗത്തിന് പുറത്ത് കാത്തുനിന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. കുറഞ്ഞത് പകുതി (53%) പേർക്ക് ആറ് മണിക്കൂറിൽ കൂടുതൽ കാലതാമസം നേരിട്ടിട്ടുണ്ട്. ഒരു രോഗിയെ കൈമാറാൻ മണിക്കൂറുകളോളം കാത്തിരിക്കുന്നത് ഇപ്പോൾ ഒരു സ്ഥിരം സംഭവമാണെന്ന് ഇംഗ്ലണ്ടിൻ്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള യൂണിസൺ പ്രതിനിധിയും ആംബുലൻസ് ജീവനക്കാരനുമായ 58 കാരനായ ഗാവിൻ ടെയ്ലർ പറഞ്ഞു.
Leave a Reply