ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ ആർ നമ്പർ 0.8 നും 1.1 ഇടയിലേയ്ക്ക് താഴ്ന്നു. രോഗവ്യാപനം താരതമ്യേന കുറയുന്നതിൻ്റെ സൂചനയായാണ് ആരോഗ്യ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ച ആർ നമ്പർ 1.1 നും 1.4 നും ഇടയിൽ ആയിരുന്നു. യുകെ ഹെൽത്ത് ഏജൻസിയുടെ പഠനമനുസരിച്ച് ഇംഗ്ലണ്ടിലെ രോഗവ്യാപനത്തിൻ്റെ വളർച്ചാനിരക്ക് മൈനസ് 3% മുതൽ 1 % വരെയാണ്. രോഗവ്യാപനത്തിൻെറ വളർച്ച നിരക്ക് 2 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിൽ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടപ്പോൾ രോഗവ്യാപനം കുതിച്ചുയരും എന്ന വിദഗ്ദാഭിപ്രായങ്ങൾക്ക് കടകവിരുദ്ധമായാണ് യുകെയിൽ ആർ നമ്പർ ഗണ്യമായി കുറഞ്ഞത്.
ഇതിനിടെ ജനിതകമാറ്റം വന്ന വൈറസുകളെയും പ്രതിരോധ കുത്തിവെയ്പ്പിനെയും കുറിച്ച് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട പഠന റിപ്പോർട്ട് ആശങ്ക ഉളവാക്കുന്നതാണ്. പിഎച്ച്ഇയുടെ കണ്ടെത്തൽ പ്രകാരം വാക്സിനേഷൻ എടുത്തവരിൽ കാണുന്ന ഡെൽറ്റാ വേരിയന്റ് വൈറസുകളുടെ അളവ് കുത്തിവെയ്പ്പ് എടുക്കാത്തവരിൽ കാണുന്ന വൈറസിൻെറ അളവിന് സമാനമായിരിക്കും. ഇത് ആദ്യകാല വിശകലനമാണെന്നും കൂടുതൽ പഠനങ്ങൾ ഈ കാര്യങ്ങളിൽ നടത്തേണ്ടതാണെന്നുമാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത് .ഇന്ത്യയിൽ ഉത്ഭവിച്ച ഡെൽറ്റാ വേരിയന്റ് ആണ് ഇപ്പോഴും യുകെയുടെ 99% കോവിഡ് കേസുകൾക്കും കാരണമാകുന്നതെന്നാണ് പിഎച്ച്ഇയുടെ കണ്ടെത്തൽ.
Leave a Reply