ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെംബ്ലി : വെംബ്ലിയിലെ പുൽമൈതാനിയിൽ ഇംഗ്ലീഷ് രാജാക്കന്മാരുടെ പടയോട്ടം. ജർമൻ പടയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച് യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് രാജകീയ പ്രവേശനം. ഇരമ്പിയാർത്ത ഇംഗ്ലീഷ്​ കാണികൾക്ക്​ മുന്നിൽ ടീം വിജയം കൊയ്തതോടെ ഇനി കൂടുതൽ ആത്മവിശ്വാസത്തോടെ ക്വാർട്ടറിൽ യുക്രൈനെ നേരിടാം. 1966 ലെ ലോകകപ്പ് ഫൈനലിനുശേഷം വെംബ്ലിയിൽ വച്ച് ആദ്യമായാണ് ഇംഗ്ലണ്ട് ജർമനിയെ കീഴടക്കുന്നത്. അഞ്ചു പ്രതിരോധനിര താരങ്ങളെ കളത്തിൽ ഇറക്കിയപ്പോഴേ സൗത്ത്ഗേറ്റിന്റെ നയം വ്യക്തമായിരുന്നു. അതുപോലെ തന്നെ പ്രതിരോധത്തിൽ ഊന്നിയാണ് ഇരു ടീമുകളും കളിച്ചത്. ഗ്രീലിഷ്, ഫിൽ ഫോഡൻ എന്നിവരെ ബെഞ്ചിലിരുത്തിയ സൗത്ത്ഗേറ്റ് ആഴ്സണൽ താരം സാക്കയെ ടീമിൽ ഉൾപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയ്ക്കും ചെക്ക് റിപ്പബ്ലിക്കിനുമെതിരെ ഗോൾ നേടിയ റഹീം സ്റ്റെർലിംഗ് 75ാം മിനിറ്റിലും ഹാരി​ കെയ്ൻ 86ാം മിനിറ്റിലും ഗോൾ നേടി വിജയം സമ്മാനിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

15ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്​ തൊടുത്ത ഷോട്ട്​ ജർമൻ ഗോൾ കീപ്പർ മാനുവൽ ന്യുയർ തട്ടിയകറ്റി. 31ാം മിനിറ്റിൽ തിമോ വെർണർക്ക്​ ലഭിച്ച സുവർണാവസരം ഇംഗ്ലീഷ്​ ഗോൾകീപ്പർ ജോർഡൻ പിക്​ഫോർഡി​ന്റെ മനോധൈര്യത്തിന് മുമ്പിൽ തകർന്നുവീണു. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ലഭിച്ച സുവർണാവസരം ഹാരി കെയ്ൻ നഷ്ടപ്പെടുത്തി. 48ാം മിനിറ്റിൽ കൈൽ ഹാവർട്​സി​ന്റെ തകർപ്പൻ ഷോട്ട്​ പിക്ഫോർഡ് അതിലും ഗംഭീരമായാണ് തട്ടിയകറ്റിയത്. അങ്ങനെ ഒടുവിൽ നാൽപതിനായിരത്തോളം വരുന്ന കാണികൾ കാത്തിരുന്ന നിമിഷം എത്തി. 76ാം മിനിറ്റിൽ ലൂക്​ ഷോയുടെ താണുപറന്ന ​ക്രോസ്​ സ്റ്റെർലിങ്​ വലയിലെത്തിച്ചപ്പോൾ ഗാലറി ആർത്തുവിളിച്ചു. എന്നാൽ അതിനുപിന്നാലെ സമനില പിടിക്കാനുള്ള അവസരം, ഗോളി മാത്രം മുന്നിൽ നിൽക്കെ തോമസ് മുള്ളർ നഷ്ടപ്പെടുത്തി. 86ാം മിനിറ്റിൽ പകരക്കാരനായ ഗ്രീലിഷ്​ ബോക്​സിന്​ മധ്യത്തിലേക്ക്​ നീട്ടിയ പന്തിന്​ തലവെച്ച് ഹാരി കെയ്ൻ വിജമുറപ്പിച്ചതോടെ ഗാലറിയിൽ 1966ലെ വിജയഗീതം ഉയർന്നു.

പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ജർമ്മനി മുന്നിട്ടു നിന്നപ്പോഴും വിജയം ഇംഗ്ലണ്ടിനൊപ്പം നിലകൊണ്ടു. ഈ വിജയത്തിൽ ഇംഗ്ലണ്ടിന് അശ്വസിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഹാരി കെയ്ന്റെ തിരിച്ചുവരവ്, പരിക്കിൽ നിന്നും മോചിതനായി തിരികെയെത്തിയ മാഗ്വെയറിന്റെ പ്രകടനം, പിക്ഫോർഡിന്റെ തകർപ്പൻ സേവുകൾ. വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിന്റെ 300-ാമത് അന്താരാഷ്ട്ര മത്സരമാണ് ഇന്നലെ നടന്നത്. പ്രധാന ടൂർണമെന്റുകളിൽ ഈ വേദിയിൽ 15 കളികളിൽ അവർ തോൽവിയറിയാതെ തുടരുന്നു. അതിൽ 10 എണ്ണത്തിൽ വിജയം. “ഞാൻ വളരെ സന്തോഷവാനാണ്. വെംബ്ലിയിൽ എന്നും ഓർക്കാൻ സാധിക്കുന്ന ഒരു നിമിഷമാണ് ടീം സമ്മാനിച്ചത്.” സൗത്ത്ഗേറ്റ് പ്രതികരിച്ചു. വില്യം രാജകുമാരനും കേറ്റും ജോർജ് രാജകുമാരനോടൊപ്പം ഇംഗ്ലണ്ടിന്റെ അവിശ്വസനീയ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ട്വിറ്ററിലൂടെ ഇരുവരും ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു. മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലണ്ടൻ തുടങ്ങി രാജ്യമെമ്പാടുമുള്ള ഫാൻ സോണുകളിൽ ആരാധകർ വിജയം ആഘോഷിച്ചു. ശനിയാഴ്ച റോമിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് യുക്രൈനെ നേരിടും. സ്വീഡനെതിരെ അധികസമയത്ത് നേടിയ ഗോളിലൂടെ വിജയം സ്വന്തമാക്കിയാണ് യുക്രൈന്റെ വരവ്. ജർമ്മനി കൂടി പുറത്തായതോടെ യൂറോയിലെ മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട ‘ഗ്രൂപ്പ്‌ എഫ്’ ലെ എല്ലാവരും ടൂർണമെന്റ് വിട്ടു.