ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ അവസാനിപ്പിച്ച എറാസ്മസ് വിദ്യാർത്ഥി കൈമാറ്റ പദ്ധതിയിൽ യുകെ വീണ്ടും ചേരാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് യുകെ ഈ പദ്ധതിയിലേക്ക് തിരിച്ചെത്താൻ ചർച്ചകൾ ആരംഭിച്ചത്. സർക്കാർ നിലവിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും, ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

എറാസ്മസ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ പഠനം, പരിശീലനം, സന്നദ്ധ സേവനം എന്നിവയ്ക്കായി ഒരു വർഷം വരെ ധനസഹായം ലഭിക്കും. ബ്രെക്സിറ്റിന് പിന്നാലെ 2021ൽ എറാസ്മസിന് പകരമായി ‘ട്യൂറിംഗ്’ പദ്ധതി യുകെ ആരംഭിച്ചിരുന്നു. ഇതിലൂടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ സമാന അവസരങ്ങൾ ഒരുക്കുകയായിരുന്നു ലക്ഷ്യം.

യൂറോപ്യൻ യൂണിയനുമായി പുതിയ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എറാസ്മസിലേക്കുള്ള തിരിച്ചുവരവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ നേരത്തെ തന്നെ യുവജന കൈമാറ്റ പദ്ധതികൾ യൂറോപ്യൻ യൂണിയനുമായി ഉണ്ടാകുന്ന പുതിയ കരാറിന്റെ ഭാഗമാകാമെന്ന് സൂചിപ്പിച്ചിരുന്നു. തീരുമാനം യാഥാർത്ഥ്യമായാൽ, ആയിരക്കണക്കിന് യുകെ വിദ്യാർത്ഥികൾക്ക് വീണ്ടും യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങൾ ലഭ്യമാകും.











Leave a Reply