കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വിഎസ് നവാസിനെ തമിഴ്‌നാട്ടിൽ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. തിരിച്ച് എത്തിക്കാനായി പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ കൊച്ചിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
കാണാതായി ഏതാണ്ട് 48 മണിക്കൂർ എത്തുമ്പോഴാണ് ആശ്വാസത്തിന്റെ ആ വാർത്ത എത്തുന്നത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരുദ്യോഗസ്ഥൻ സംശയം തോന്നി പുലർച്ചെ മൂന്നോടെ കേരള പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഇവിടെ നിന്ന് ഫോട്ടോകൾ അയച്ചുകൊടുത്ത് ഉറപ്പാക്കിയ ശേഷം അഞ്ചു മണിയോടെ കരൂർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട്ട് നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചു. കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുൻപ് പാലക്കാട്ട് എത്തിച്ച് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേലുദ്യോഗസ്ഥനുമായി വയർലെസിലൂടെ ഉണ്ടായ തർക്കത്തിന് പിന്നാലെ വ്യാഴം പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട നവാസ് കായംകുളം വഴി കൊല്ലത്ത് എത്തിയതായി ഇന്നലെ ഉച്ചയോടെ വിവരം ലഭിച്ചിരുന്നു. അവിടെ നിന്ന് മധുരയിൽ എത്തിയാണ് നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ കയറിയത്. എവിടേക്കായിരുന്നു യാത്രയെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ ഉള്ള വിവരങ്ങൾ വെളിവായിട്ടില്ല. അന്വേഷണസംഘം നേരിട്ടെത്തി ചോദിച്ചറിഞ്ഞാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ.
Leave a Reply