ന്യൂസ് ഡെസ്ക് മലയാളം യുകെ
വാർസോ : യുക്രൈൻ അഭയാർഥികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്ത് ബ്രിട്ടീഷ് വിദ്യാർത്ഥിനി. അഭയാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസെക്സിലെ ചെംസ്ഫോർഡ് സ്വദേശിയായ എല്ല ലാംബെർട്ട് (22) ഏപ്രിൽ 18 ന് പോളണ്ടിലെ വാർസോയിൽ എത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 1,000 ഡിസ്പോസിബിൾ സാനിറ്ററി ഉൽപ്പന്നങ്ങൾ വാർസോയിലെ അഭയാർഥികൾക്ക് കൈമാറി. തുണികൊണ്ടുള്ളതും പുനരുപയോഗിക്കാവുന്നതുമായ ആയിരം പാഡുകൾ യുക്രൈൻ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എല്ല ഇപ്പോൾ. പാഡുകൾ വലിയ രീതിയിൽ ആവശ്യമാണെന്ന് എല്ല അറിയിച്ചു.
ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി വിദ്യാർഥിയായ എല്ല, 2020 മാർച്ചിൽ പച്ചമാമ പ്രൊജക്റ്റ് ആരംഭിച്ചു. ഈ പ്രൊജക്റ്റിലൂടെ, സന്നദ്ധപ്രവർത്തകർ അഭയാർത്ഥികൾക്കായി തുണികൊണ്ടുള്ള പാഡുകൾ നിർമിക്കുന്നു. യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ ഈ സംഘടന ‘പാഡ് 4 റെഫ്യൂഗീസു’ മായി ചേർന്ന് അഭയാർഥികളായ സ്ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു. ഇതുവരെ 3,000 ഡിസ്പോസിബിൾ പാഡുകൾ യുക്രൈനിലെ ലിവിവിലേക്ക് അയച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞു.
“ഇത് ഹൃദയഭേദകമാണ്. എവിടെക്കെന്ന് അറിയാതെ ആയിരക്കണക്കിന് ആളുകളാണ് അഭയകേന്ദ്രങ്ങളിൽ എത്തുന്നത്. ഇത് സമ്പൂർണ്ണ പ്രതിസന്ധിയാണ്.” എല്ല വ്യക്തമാക്കി. പുനരുപയോഗിക്കാവുന്ന പാഡുകൾ യുക്രൈനിലേക്ക് അയയ്ക്കുന്നതിനായി താൻ നിലവിൽ യോർഗാസ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അവൾ പറഞ്ഞു. ആർത്തവകാല ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് എല്ല ആവർത്തിച്ച് പറയുന്നു. “ആർത്തവത്തെ പറ്റി സംസാരിക്കാൻ ഇപ്പോഴും ആളുകൾക്ക് മടിയാണ്. ആർത്തവകാല ആവശ്യങ്ങളെപ്പറ്റി ആരും തുറന്ന് പറയുന്നില്ല. എന്നാൽ അത് തിരിച്ചറിഞ്ഞുകൊണ്ട് ഞങ്ങളുടെ സംഘടന പ്രവർത്തിക്കുന്നു.” എല്ല ദൃഢനിശ്ചയത്തോടെ പറഞ്ഞു.
Leave a Reply