ലണ്ടന്‍: ചൈനയില്‍ നിന്ന് തുണിത്തരങ്ങളും ഷൂസും മറ്റും ഇറക്കുമതി ചെയ്തയിനത്തില്‍ യുകെ 2.7 ബില്യന്‍ യൂറോ (2.4 ബില്യന്‍ പൗണ്ട്) കസ്റ്റംസ് ഡ്യൂട്ടി കുടിശിഖ അടക്കാനുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍. 2017ല്‍ യൂറോപ്യന്‍ കമ്മീഷന്‍ വാച്ച് ഡോഗ് ഒലാഫ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇറക്കുമതി തട്ടിപ്പ് തടയാന്‍ യുകെ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ പരാതി നല്‍കാനുള്ള നടപടികളും കമ്മീഷന്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
യുകെയിലേക്ക് ഇറക്കുമതി ചെയ്ത് കസ്റ്റംസ് ഡ്യൂട്ടിയും അനുബന്ധ നികുതികളും ഒഴിവാക്കാന്‍ ഇറക്കുമതിക്കാര്‍ക്ക് കഴിഞ്ഞിരുന്നുവെന്നും ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രമായി യുകെ മാറിയിരിക്കുകയാണെന്നുമാണ് ഒലാഫ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കുറച്ചു കാണിക്കാന്‍ തട്ടിപ്പു സംഘങ്ങള്‍ വ്യാജ ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഒലാഫ് ആരോപിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ പിന്നീട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്‍പ്പെടെയുള്ള ബ്ലാക്ക് മാര്‍ക്കറ്റുകളിലാണത്രേ എത്തിയിരുന്നത്.
എച്ച്എംആര്‍സിക്ക് ഇത് സംബന്ധിച്ച് നിരവധി തവണ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഒലാഫ് പറയുന്നു. എന്നാല്‍ ഡ്യൂട്ടിയിനത്തില്‍ നഷ്ടമുണ്ടായെന്ന യൂറോപ്യന്‍ കമ്മീഷന്റെ ആരോപണത്തില്‍ വ്യക്തതയില്ലെന്നും ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് എച്ച്എംആര്‍സി വ്യക്തമാക്കുന്നത്. കമ്മീഷന്റെ രീതിശാസ്ത്രമനുസരിച്ച് യുകെയുടെ ഇറക്കമതി മൂല്യം വര്‍ദ്ധിപ്പിച്ച് കാണിക്കുകയാണെന്നും ഈ വിധത്തില്‍ കസ്റ്റംസ് ഡ്യൂട്ടി തട്ടിപ്പിനേക്കുറിച്ച് വിശദീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
Leave a Reply