ബ്രസല്‍സ്: അടുത്ത രണ്ടു വര്‍ഷത്തേക്ക് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. ഇക്കാലയളവില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാന്‍ പാടില്ലെന്നാണ് ആവശ്യം.
ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്ന ഇന്നു മുതല്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ സ്വാതന്ത്ര്യമുണ്ടാവില്ലെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് എംഇപിമാര്‍ ഈ നിലപാടുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് യൂണിയന്റെ ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയറും സൂചിപ്പിച്ചു.
അങ്ങനെയാണ് ബ്രിട്ടന്‍ തീരുമാനിക്കുന്നതെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുകെയിലേക്ക് വരുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നിയന്ത്രിതമായ അവകാശങ്ങളേ ഉണ്ടായിരിക്കുകയുള്ളു. നിലവിലുള്ളവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുമെന്നാണ് വിവരം. ഇക്കാര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്ന അഞ്ച് പേജുള്ള പ്രമേയം അടുത്ത ബുധനാഴ്ച അവതരിപ്പിക്കും.