ഫാ. ബിജു കുന്നയ്ക്കാട്ട്

ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിമെൻസ് ഫോറത്തിൻറെ പ്രഥമ മഹാസമ്മേളനം നാളെ ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും മറ്റ് ഒരുക്കങ്ങൾക്കും ശേഷമാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ടു റീജിയനുകളിൽനിന്നായി ആയിരത്തിഅഞ്ഞൂറില്പരം വനിതകൾ “ടോട്ട പുൾക്രാ” എന്ന ഈ സമ്മേളനത്തിനെത്തിച്ചേരുന്നത്. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ആത്മീയ വനിതാഅല്മയായ കൂട്ടായ്മ എന്ന ഖ്യാതിയോടെയാണ് ഈ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൻറെ ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായതായി കോ ഓർഡിനേറ്റർ വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു.

‘ടോട്ട പുൾക്ര’ എന്ന് പരി കന്യകാമാതാവിനെ വിളിക്കാൻ ആദിമസഭയിലെ പ്രാർത്ഥനകളിൽ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നൽകിയിരിക്കുന്നത്. ലത്തീൻ ഭാഷയിൽ (ടോട്ട പുൾക്ര) ‘സർവ്വമനോഹരി’ എന്നാണ് ഈ അഭിസംബോധനയുടെ അർത്ഥം. പരി. കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിൻറെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിൻറെ കുടക്കീഴിൽ ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനുഷ്യജീവിതത്തിൽ ആത്മീയവും ഭൗതികവുമായ തലങ്ങൾ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്ക് തലമുറകളെ വിശ്വാസം പരിശീലിപ്പിക്കുന്നതിലും സ്ത്രീത്വത്തിൻറെ പ്രാധാന്യം കണക്കിലെടുത്താണ്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഏതാനും വർഷങ്ങൾക്കുമുൻപ് സ്ത്രീത്വത്തിൻറെ മഹത്വം ഉയർത്തിക്കാട്ടാൻ ‘വിമെൻസ് ഫോറം’ രൂപീകരിച്ചത്. ഭൗതികജീവിത സാഹചര്യങ്ങളിൽ മാത്രമല്ല, സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിലും സ്ത്രീകൾക്ക് സുപ്രധാനസ്ഥാനമുണ്ടന്ന തിരിച്ചറിവിൽ സഭ സ്ത്രീത്വത്തിനു നൽകുന്ന ആദരം കൂടിയാണിത്.

നാളെ (ശനിയാഴ്ച) രാവിലെ ഒമ്പതുമണിക്ക് രെജിസ്ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റെവ. സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന വി. കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിൽ ശുശ്രുഷചെയ്യുന്ന വൈദികർ സഹകാർമ്മികരായിരിക്കും.

റെവ. ഫാ. ജോസ് അഞ്ചാനിക്കലിൻറെ പരിശീലനത്തിൽ നൂറ്റിഇരുപത്തിലഞ്ചിലധികം ഗായകരണിനിരക്കുന്ന ഗായകസംഘമാണ് വി. കുർബായിൽ ഗാനങ്ങൾ ആലപിക്കുന്നത്. ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകൾ അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവർഷമായ ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനവും നടക്കും പരിപാടികളുടെ സമാപനത്തിലായി നടക്കും. ഈ സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കുവാൻ രൂപതയിലെ മുഴുവൻ വനിതകളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. സമ്മേളനം നടക്കുന്ന ബെഥേൽ കൺവെൻഷൻ സെന്ററിന്റെ
അഡ്രസ്: Kelvin Way, West Bromwich, Birmingham B70 7JW