ഷിബു മാത്യൂ

മികച്ച രുചികളും സൗഹൃദപരമായ അന്തരീക്ഷം കൊണ്ടും ബ്രിട്ടന്റെ രുചി ഭൂപടത്തിൽ ഇടം നേടിയിരിക്കുകയാണ് ലീഡ്‌സിലെ തറവാട് റസ്റ്റോറന്റ്. മലയാളികളുടെ തനതായ ഭക്ഷണ രീതികളെ അതിന്റെ തനിമയിലും മികച്ച അവതരണത്തിലും വിദേശികൾക്ക് മുൻപിൽ എത്തിക്കുന്ന ഈ റസ്റ്റോറന്റിനെ അറിയാത്തവർ ഇന്ന് ബ്രിട്ടനിലില്ല. ഗാർഡിയൻ പത്രം ഈ റസ്റ്റോറന്റിലെ രുചികളുടെ സവിശേഷതയെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഇതിഹാസമായ വിരാട് കോഹ്ലി ഈ റസ്റ്റോറന്റിലെ രുചികളുടെ ആരാധകനാണ്. റെസ്റ്റോറന്റിന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ, കേരളത്തിലെ വിവിധ ജില്ലകളുടെ ഭൂപടങ്ങളാണ് ചുവരുകളിൽ ദൃശ്യമാകുന്നത്. മുകൾ നിലയിലെ സീലിങ്ങിൽ കേരളത്തെ മുഴുവൻ വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു വലിയ ഭൂപടം തന്നെ ഒരുക്കിയിട്ടുണ്ട്. എന്താണ് ഓർഡർ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്ന വേളയിൽ ഈ ദൃശ്യങ്ങൾ പലപ്പോഴും നമ്മുടെ കണ്ണുകളെ അവയിലേക്ക് മാടിവിളിക്കും. ഈ ഭൂപടങ്ങൾ കേരളത്തിലെ നീണ്ട തീരപ്രദേശത്തെ സംബന്ധിച്ചും, കേര വൃക്ഷങ്ങൾ നിറഞ്ഞ കേരള നാടിനെ സംബന്ധിച്ചും വിദേശികൾക്ക് ആകാംക്ഷയും മതിപ്പും പകർന്നു കൊടുക്കുന്നു.

10 വർഷം പാരമ്പര്യമുള്ള തറവാട്ടിലെ മെനു പോലും സമാനതകളില്ലാത്തതാണ്. ഓരോ വിഭവത്തിനോടൊപ്പവും ഓർഡർ ചെയ്യുന്നവർക്ക് വായിച്ചു മനസ്സിലാക്കേണ്ടതിന് അവയുടെ ചരിത്രവും പ്രത്യേകതകളും രേഖപ്പെടുത്തിയിട്ടുണ്ട്. ആയുർവേദ ഔഷധങ്ങളുടെ അമൂല്യ ഘടകമായ രസത്തിൽ ചെമ്മീനും കൂടി ഉൾപ്പെടുത്തിയ ചെമ്മീൻ രസത്തിൽ തുടങ്ങി സൗത്ത് ഇന്ത്യൻ രുചികളുടെ ഒരു നീണ്ട നിരയാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഭക്ഷണത്തിന് മുൻപ് ലഭിക്കുന്ന പ്രീ- മീൽസ് സ്നാക്കുകളിൽ ഇവിടെ ലഭിക്കുന്ന ഒന്നാണ് പപ്പടവട. ഇത്തരം സ്നാക്കുകൾ പലപ്പോഴും കൂടുതൽ ശ്രദ്ധ നൽകാതെ നാം പെട്ടെന്ന് കഴിച്ച് തീർക്കുന്നവയാണ്. എന്നാൽ ഇവിടെ ലഭിക്കുന്ന പപ്പടവട നമ്മുടെ ശ്രദ്ധയെ മനപ്പൂർവ്വം ക്ഷണിക്കുന്നതാണ്. വെറും പപ്പടമല്ല അത്, മറിച്ച് മുളകുപൊടി, മഞ്ഞൾ, എള്ള് എന്നിവയടങ്ങിയ അപാരമായ രുചി നൽകുന്ന പപ്പടവടയുടെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല. ഇവയോടൊപ്പം ലഭിക്കുന്ന പക്കാവടയും, കായ വറുത്തതും, ചട്നിയും അച്ചാറുമെല്ലാം നാവിലെ രസമുകുളങ്ങളെ തൊട്ടുണർത്തുന്നവയാണ്. മറ്റൊരു പ്രത്യേകതയാണ് ഇവിടെ ലഭിക്കുന്ന ബനാന പൊരിയും, വാഴയ്ക്കയും, ഓമപ്പൊടിയിൽ ഉണ്ടാക്കിയ കറുമുറെ കടിക്കുന്ന മിക്സ്ചർ വെള്ളം ചേർന്നതാണ് ഈ വിഭവം. ഇതിനോടൊപ്പം പുതിന ചട്നിയും തൈരും മുകളിൽ വിതറിയിരിക്കുന്ന മാതളനാരങ്ങ അല്ലിയുമെല്ലാം രുചിയുടെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്നു. മധുരത്തിന്റെയും, എരിവിന്റെയും, പുളിയുടെയുമെല്ലാം ഒരു സംയോജനമാണ് ഈ വിഭവത്തിൽ നമുക്ക് ലഭിക്കുന്നത്. നാവിനെ രോമാഞ്ചം കൊള്ളിക്കുന്ന മറ്റൊരു വിഭവമാണ് പടിപ്പുര മിക്സ് സീ ഫുഡ് എന്ന പേരിൽ ഇവിടെ ലഭിക്കുന്നത്. ഒരു പാത്രം നിറയെ കൊഞ്ചും കണവയും കല്ലുമ്മക്കായയും എല്ലാം ചേർന്നതാണ് ഈ വിഭവം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടൊപ്പം തറവാട്ടൊരുക്കുന്ന മീൻ കറി രുചിയുടെ സാമ്രാജ്യമാണ് തുറക്കുന്നത്. വിവിധ തരത്തിലുള്ള ദോശകൾ, കേരള സദ്യ എന്നിവയും രുചിക്കു മാറ്റുകൂട്ടുന്നു. ഭക്ഷണത്തിന് അവസാനം വിവിധതരം ഡെസേർട്ടുകളാണ് തറവാട് വിളമ്പുന്നത്. കുങ്കുമപ്പൂവും, ഏലക്കായും, മുന്തിരിങ്ങയുമൊക്കെ ചേർത്ത സേമിയ പായസം നാവിൽ കപ്പലോടിക്കുന്നതാണ്.

ഭക്ഷണത്തോടൊപ്പമുള്ള മികച്ച സർവ്വീസാണ് തറവാട് റസ്റ്റോറന്റിനെ വ്യത്യസ്തമാക്കുന്നത്. ബ്രിട്ടനിലെ മികച്ച യൂട്യൂബ് വ്‌ളോഗർ ഗ്യാരി, തന്റെ ഗ്യാരി ഈറ്റ്സ് എന്ന യൂട്യൂബ് ചാനലിൽ തന്റെ ജീവിതത്തിൽ സന്ദർശിച്ച ഏറ്റവും മികച്ച റസ്റ്റോറന്റുകളിൽ ഒന്നായാണ് തറവാടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഏകദേശം 250000 പേർ ഇതിനകം ആ വീഡിയോ കാണുകയും ചെയ്തു.

യുകെയിലുടനീളമുള്ള മികച്ച ഇന്ത്യൻ റെസ്റ്റോറൻ്റുകളും ഡൈനിംഗ് അനുഭവങ്ങളും കണ്ടെത്തുന്നതിനുള്ള അവസാന വാക്കായ ബ്രിട്ടീഷ് ഇന്ത്യൻ ഗുഡ് ഫുഡിന്റെ ലിസ്റ്റിൽ മികച്ച ആദ്യത്തെ 20 റസ്റ്റോറന്റുകളിൽ ഒന്നായി തറവാട് ഇടം പിടിച്ചു. ഡൈനിംഗ് അനുഭവം, ഭക്ഷണത്തിൻ്റെ ഗുണനിലവാരം, സേവനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇവർ മികച്ച റെസ്റ്റോറന്റുകളുടെ ലിസ്റ്റുകൾ തയ്യാറാക്കുന്നത്. സൗത്ത് ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും എത്തേണ്ട ഇടമെന്നാണ് തറവാടിനെ ഇവർ വിശേഷിപ്പിക്കുന്നത്. ലോകത്തിന്റെ നെറുകയിൽ മലയാളികൾക്ക് അഭിമാനമായി, കേരളത്തിന്റെ തനതായ രുചി മികച്ച സേവന മനോഭാവത്തോടുകൂടി നൽകുന്നതാണ് തറവാട് റസ്റ്റോറന്റിനെ പ്രത്യേകതയുള്ളതാക്കുന്നത്.