ഏഴാം നാളും നിരാശ. അർജുന് വേണ്ടിയുള്ള കരയിലെ തിരച്ചിൽ ഫലം കണ്ടില്ല. ലോറി കരയിൽ ഇല്ല എന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവർത്തകരും. ഇതോടെ കരയിലെ പരിശോധന നിർത്താനാണ് തീരുമാനം. പ്രദേശത്ത് റെഡ് അലേർട്ട് ആണ്. മഴ പെയ്യുന്നതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

രക്ഷാപ്രവർത്തകർ ഓരോ സംഘങ്ങളായി തിരിച്ചു വന്നു തുടങ്ങി. കരയിലെ തിരച്ചിൽ സൈന്യം പൂർണമായും അവസാനിപ്പിച്ച നിലയിലാണ്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തിന്റെ പക്കൽ ആവശ്യമായ സംവിധാനങ്ങൾ ഇല്ല എന്ന് കാർവാർ എം.എൽ.എ. പറഞ്ഞു. ഇനിയും അവർ തുടരേണ്ട സാഹചര്യമില്ല എന്നാണ് കാർവാർ എം.എൽ.എ. സതീഷ് സെയില്‍ വ്യക്തമാക്കിയത്. ഇന്ന് മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാൽ റഡാറിൽ സിഗ്നൽ ലഭിച്ച മൂന്നിടത്തും ലോറി ഉണ്ടായിരുന്നില്ല. കരയിൽ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ. ഇന്ന് നേരം വൈകിയതോടെ രക്ഷാപ്രവർത്തനം നിർത്തിവെക്കാനാണ് സാധ്യത. പുഴയിൽ ലോറി ഒഴുകിപ്പോയതാകാം എന്ന നിഗമനത്തിലാണ് സൈന്യം അടക്കമുള്ള രക്ഷാപ്രവർത്തക സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ ഗംഗാവാലിപുഴയിലും പരിശോധന ശക്തമാക്കാനാണ് ശ്രമം. പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ നാളെ (ചൊവ്വാഴ്ച) വീണ്ടും രക്ഷാപ്രവർത്തനം തുടരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുഴയിൽ രണ്ട് മണൽതിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് മണ്ണിടിച്ചിലിന്റെ ഭാഗമായി ഉണ്ടായതാകാം എന്നാണ് കരുതുന്നത്. ഇവ കേന്ദ്രീകരിച്ചും പരിശോധന നടത്തും. ആധുനിക സംവിധാനങ്ങളോട് കൂടിയ റഡാറുകളുൾപ്പെടെ എത്തിച്ചിട്ടുണ്ട്. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്ന് സതീഷ് സെയിൽ വ്യക്തമാക്കി.

അതേസമയം അപകടം നടന്നതിന്റെ ഏഴു കിലോമീറ്റർ അകലെ പുഴയിൽ കൂടി ഒഴുകിപ്പോയ ടാങ്കറിന്റെ ദൃശ്യങ്ങളും ഇത് കരയ്ക്കടുപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ദിവസങ്ങൾ മുമ്പുള്ള ദൃശ്യമാണ് ഇത്. മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഒഴുകിപ്പോയതാണെന്നാണ് ലഭിക്കുന്ന വിവരം.