ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ആശ്വാസവുമായി സർക്കാർ. ഈ ഒക്ടോബറിൽ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഊർജ്ജ ബില്ലിൽ 400 പൗണ്ട് കിഴിവ് ലഭിക്കുമെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. 15 ബില്യൺ പൗണ്ട് മൂല്യമുള്ള പുതിയ സഹായ പാക്കേജ് ആണ് സുനക് പ്രഖ്യാപിച്ചത്. ഓയില്‍, ഗ്യാസ് വമ്പന്‍മാര്‍ക്കെതിരെ ഉയര്‍ന്ന ടാക്‌സ് ഏര്‍പ്പെടുത്തിയാണ് സുനക് സാധാരണ ജനങ്ങള്‍ക്ക് പിന്തുണ നൽകുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ദരിദ്ര കുടുംബങ്ങൾക്ക് 650 പൗണ്ട് വീതം നൽകുമെന്നും ചാൻസലർ അറിയിച്ചു.
80 ലക്ഷം കുടുംബങ്ങൾക്ക് രണ്ട് തവണയായി 650 പൗണ്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. പെൻഷൻകാർക്ക് 300 പൗണ്ട് വീതവും ഭിന്നശേഷി ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർക്ക് 150 പൗണ്ടും നൽകും. ഈ ഒക്ടോബറിൽ സാധാരണ ഗാർഹിക ഊർജ്ജ ബിൽ 800 പൗണ്ട് വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സർക്കാരിന്റെ ഈ സഹായവാഗ്ദാനം.
റഷ്യ – യുക്രൈൻ യുദ്ധം, കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, ചൈനയിലെ സമീപകാല ലോക്ക്ഡൗൺ എന്നിവ വിലക്കയറ്റത്തിന് കാരണമായെന്ന് സുനക് പറഞ്ഞു. കഠിനമായ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും സുനക് ഉറപ്പ് നൽകി.
Leave a Reply