ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- പ്രധാനമന്ത്രിക്കെതിരെ നടക്കുന്ന വിവാദങ്ങൾക്കിടയിലും, കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ മൃഗസംരക്ഷണത്തിനായുള്ള പല തീരുമാനങ്ങളും കൈക്കൊണ്ടു. വളർത്തു പൂച്ചകൾക്ക് എല്ലാം മൈക്രോചിപ്പ് ഘടിപ്പിക്കുവാനും, വനങ്ങൾ സംരക്ഷിക്കുവാനും മറ്റുമുള്ള നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പാർലമെന്റിലെ വിവാദ വിഷയങ്ങളിൽ നിന്നും മാറി, പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിയ ഒരു കോൺഫറൻസിനാണു കൺസർവേറ്റീവ് പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്. മൃഗസംരക്ഷണത്തിന് ആവശ്യമായ ഊന്നൽ നൽകുവാനും, കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നതിന്റെ അളവ് കുറയ്ക്കുവാനും നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്.
പാർട്ടി കോൺഫ്രൻസിൽ എടുത്ത മിക്ക തീരുമാനങ്ങളും പ്രകൃതിസംരക്ഷണത്തിന് ഉതകുന്നതാണ്. നോർത്ത്ആംബർലാൻഡിൽ പുതിയ വനം നട്ടുപിടിപ്പിക്കാനും തീരുമാനമെടുത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന് നേരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.
വളർത്തു പൂച്ചകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കാനും, എട്ടു ആഴ്ചകൾക്കുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ ഉടമസ്ഥനിൽ നിന്നു 500 പൗണ്ട് ഫൈൻ ഈടാക്കാനും യോഗം തീരുമാനിച്ചു.പ്രൈമേറ്റുകളുടെ വിൽപ്പനയും മറ്റും നിരോധിക്കുവാൻ തീരുമാനിച്ചു. കാർ ഇൻഡസ്ട്രിക്ക് ഒരു ബില്യൻ പൗണ്ട് ഓളം നൽകുവാൻ തീരുമാനിച്ചു. കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നത് കുറയ്ക്കുന്നതിനായി പുതിയ, മെച്ചപ്പെട്ട സംവിധാനത്തോടു കൂടി കാറുകൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ പണം. തരിശായി കിടക്കുന്ന ചെറിയ സ്ഥലങ്ങളെ പാർക്കുകൾ ആക്കി മാറ്റുവാനും യോഗം തീരുമാനിച്ചു.
പ്രകൃതി സംരക്ഷണമാണ് തങ്ങളുടെ പാർട്ടിയുടെ മുഖമുദ്ര എന്ന് എൻവിയോൺമെന്റ് സെക്രട്ടറി തെരേസ വില്ലേഴ്‌സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്താകമാനം ഉള്ള മൃഗങ്ങളുടെ സംരക്ഷണത്തിനും ഗവൺമെന്റ് ഊന്നൽ നൽകും. കാർബൺഡയോക്സൈഡ് വാതകത്തിന്റെ പുറംതള്ളൽ കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമായ ലക്ഷ്യമെന്നും അവർ പറഞ്ഞു.
Leave a Reply