ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവും പ്രധാനമന്ത്രിയും ആകാനുള്ള മത്സരത്തിലേക്ക് മുൻ വൈസ് ചാൻസലറായ ഋഷി സുനകും. ഈ സ്‌ഥാനത്തേയ്ക്ക് തൻെറ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവരിൽ ഏറ്റവും ഉയർന്ന സാധ്യതയും ഈ ഇന്ത്യൻ വംശജന് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചൊവ്വാഴ്ച മന്ത്രിസഭയിൽ നിന്നുള്ള അദ്ദേഹത്തിൻറെ രാജി മറ്റു മന്ത്രിമാർ രാജി വയ്ക്കുന്നതിന് കാരണമാക്കിയിരുന്നു. ഈ സംഭവവികാസങ്ങളാണ് ടോറി പാർട്ടിയുടെ നേതാവ് സ്‌ഥാനത്തു നിന്ന് ബോറിസ് ജോൺസണെ രാജിവെക്കാൻ നിർബന്ധിതനാക്കിയത്. അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ബോറിസ് ജോൺസൺ ഇടക്കാല പ്രധാനമന്ത്രിയായി തുടരും. മുതിർന്ന ബാക്ക്ബെഞ്ചർ ടോം തുഗെന്ധത്, അറ്റോർണി ജനറൽ സുല്ല ബ്രാവെർമാൻ, മുൻ ഇക്വാലിറ്റീസ് മന്ത്രി കെമി ബാഡെനോക്ക് എന്നിവരും തങ്ങളുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്നു.
അതേസമയം മുൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എന്നിവരും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട് . മുൻ ബ്രെക്‌സിറ്റ് മന്ത്രി സ്റ്റീവ് ബേക്കർ നേതൃത്വസ്ഥാനത്തേക്ക് നിൽക്കുവാൻ താൻ ആലോചിച്ചിരുന്നതായും എന്നാൽ പിന്നീട് ആ ശ്രമം ഉപേക്ഷിച്ചെന്നും അറിയിച്ചു . നേതൃത്വതിരഞ്ഞെടുപ്പിൻെറ സമയക്രമം അടുത്തയാഴ്ച അറിയാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . സെപ്റ്റംബറിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു സോഷ്യൽ മീഡിയ വീഡിയോയിലൂടെ തൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുനക് രാജ്യത്ത് നഷ്ടപ്പെട്ടുപോയ വിശ്വാസം പുനസ്ഥാപിക്കാനും സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാനും രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാനുമാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് പറഞ്ഞു. ഈയൊരു സന്ദർഭത്തിൽ നമ്മൾ ഗൗരവത്തോടെ നിശ്ചയദാർഢ്യത്തോടെ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply