സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യ സഭയിലേക്ക് നാമ നിർദേശം ചെയ്ത രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക വിമര്‍ശനം. സുപ്രിം കോടതി മുന്‍ ജസ്റ്റിസ് കുര്യൻ ജോസഫാണ് ഈ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയ അവസാനത്തെ പ്രമുഖൻ.
രാഷ്ട്രപതിയുടെ നാമ നിർദേശം സ്വീകരിച്ച മുൻ ചീഫ് ജസ്റ്റിസിന്റെ നടപടി ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്യത്തിന് വലിയ ഭീഷണിയാണെന്നായിരുന്നു ജ. കുര്യൻ ജോസഫിന്റെ പ്രതികരണം. ജുഡീഷ്യറിയോട് രാജ്യത്തെ ജനങ്ങൾക്കുള്ള വിശ്വാസത്തെ പിടിച്ചുലയ്ക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ മുൻ ചീഫ് ജസ്റ്റിൽ ഓഫ് ഇന്ത്യ വിട്ടുവീഴ്ച ചെയ്തതെന്ന വസ്തുത തന്നെ അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
” 2018 ജനുവരി 12 ആം തീയതി, ‘രാജ്യത്തോടുള്ള കടപ്പാട് നിറവേറ്റുകയാണ് ഞങ്ങൾ’ എന്നായിരുന്നു ഞങ്ങൾ മൂന്നു പേർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞ വാക്കുകൾ. ജുഡീഷ്യറിയുടെ സ്വാതന്ത്രം ഉയർത്തിപ്പിടിക്കുന്നതിൽ ഒരിക്കൽ അത്രയും ധീരമായ ദൃഢവിശ്വാസം പ്രകടിപ്പിച്ചിരുന്ന ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജുഡീഷ്യറിയുടെ സ്വാതന്ത്രവും നിക്ഷ്പക്ഷതയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ എങ്ങനെ വിട്ടുവീഴ്ച്ച ചെയ്തുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ഭരണഘടനാ മൂല്യങ്ങളിലും അതിന്റെ അടിസ്ഥാനഘടനകളിലുമാണ് നമ്മുടെ മഹാരാജ്യം നിലയുറപ്പിച്ചിരിക്കുന്നത്. അതിന് പ്രധാനമായും നന്ദി പറയേണ്ടത് ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിനാണ്. ന്യായാധിപന്മാർ പക്ഷപാതത്വമുള്ളവരും എന്തെങ്കിലും പ്രതീക്ഷിച്ചിരിക്കുന്നവരും ആണെന്ന് ജനങ്ങൾക്ക് തോന്നുന്നത് ഈ ദൃഢവിശ്വാസത്തിൽ ഇളക്കം തട്ടും. ജുഡീഷ്യറിയെ പൂർണമായും സ്വതന്ത്രമാക്കാനുമാണ് സുപ്രീം കോടതി 1993 ൽ കൊളീജ്യം സംവിധാനം കൊണ്ടുവന്നത്. അല്ലാതെ പരസ്പര ആശ്രയത്വത്തിന് വേണ്ടിയല്ല. ജസ്റ്റിസ് ചെലമേശ്വറിനും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കും ജസ്റ്റിസ് മദൻ ബി ലോകുറിനും ഒപ്പം കീഴ്‌വഴക്കങ്ങൾ തെറ്റിച്ചുകൊണ്ട് ഞാൻ പൊതു മധ്യത്തിലേക്ക് വന്നത് ഈ അടിത്തറയ്ക്ക് ഭീഷണിയുണ്ടെന്ന് പറയാനായിരുന്നു.
കഴിഞ്ഞ ദിവസത്തെ തീരുമാനത്തോടെ ആ ഭീഷണി വലുതാവുകയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചതിന് പിന്നിൽ ഇതുകൂടി ഒരു കാരണമാണ്. രാജ്യസഭയിലേക്കുള്ള നാമനിർദേശം ഒരു മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വീകരിച്ചതിലൂടെ തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ അടിസ്ഥാനഘടനകളിൽ ഒന്നായ ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിൽ സാധാരണക്കാർക്കുള്ള ദൃഢവിശ്വാസത്തിന് തീർച്ചയായും ഇളക്കം തട്ടിയിരിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
Leave a Reply