നിസാൻ മോട്ടോർ കന്പനിയുടെ മുൻ ചെയർമാൻ കാർലോസ് ഘോൻ ജപ്പാനിൽനിന്ന് ഒളിച്ചുകടന്നു. തന്റെ കുടുംബവേരുകളുള്ള ലബനനിലാണു ഘോൻ ഇപ്പോൾ.നിസാൻ കന്പനിയെ രണ്ടു ദശകത്തോളം നയിച്ച് അതിനെ മുൻനിര കാർ കന്പനിയാക്കിയ ഘോൻ സാന്പത്തിക തിരിമറിയെത്തുടർന്നാണ് 2018 നവംബറിൽ അറസ്റ്റിലായത്. ഒരു തവണ ജാമ്യത്തിൽ പുറത്തുവന്നെങ്കിലും മറ്റൊരു കേസിൽ വീണ്ടും അറസ്റ്റിലായി. അതിൽ ജാമ്യം ലഭിച്ചിട്ട് കുറച്ചുനാളേ ആയുള്ളൂ. ഒന്നരക്കോടി ഡോളർ ജാമ്യത്തുക അടച്ചാണു ജാമ്യത്തിലിറങ്ങിയത്.
ബ്രസീലിൽ ജനിച്ച ലബനീസ് വംശജനായ ഘോൻ ഏറെക്കാലം ഫ്രാൻസിലും പ്രവർത്തിച്ചിട്ടുണ്ട്. ബ്രസീൽ, ലബനൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് ഇയാൾക്കുണ്ട്. എങ്ങനെയാണു ഘോൻ ജാപ്പനീസ് പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ചു രാജ്യം വിട്ടതെന്ന് അറിവായിട്ടില്ല. തുർക്കിയിൽനിന്ന് ഒരു സ്വകാര്യ വിമാനത്തിലാണു ലബനനിൽ എത്തിയത്. 1990 കളുടെ അവസാനം നിസാന്റെ സാരഥ്യമേറ്റ ഘോൻ കന്പനിയെ ലാഭപാതയിലെത്തിച്ചതോടെ ജപ്പാനിൽ ഏറെ ആദരിക്കപ്പെട്ടു. ഫ്രഞ്ച് കന്പനി റെനോയുമായി നിസാൻ സഖ്യമുണ്ടാക്കി. ഘോൻ അറസ്റ്റിലായതു നിസാനു വലിയ തിരിച്ചടിയായി. വില്പന കുറഞ്ഞു, ലാഭം ഇടിഞ്ഞു.
ഘോനെതിരായ കേസുകൾ 15 വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്നതാണ്. കുറ്റവാളിയെന്ന മുൻവിധിയോടെയാണു ജാപ്പനീസ് നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നതെന്നും അവിടെനിന്നു നീതി ലഭിക്കില്ലെന്നും ഘോൻ ബെയ്റൂട്ടിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. അടുത്തയാഴ്ച മാധ്യമങ്ങളുമായി ബന്ധപ്പെടാമെന്നറിയിച്ച ഘോൻ തന്റെ ഒളിച്ചോട്ടത്തെപ്പറ്റി ഒന്നും പറയാൻ തയാറായില്ല.
Leave a Reply