ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരകരോഗമുള്ള മുതിർന്നവർക്ക് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കാനുള്ള നീക്കങ്ങളെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പിന്തുണയ്ക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നു. ദയാവധം നിയമ വിധേയമാക്കാനുള്ള നീക്കങ്ങളെ താൻ നേരത്തെ എതിർത്തിരുന്നെങ്കിലും നിലവിൽ ചർച്ച ചെയ്യുന്ന നിയമം ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ലിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്നും മുൻപ് താൻ കരുതിയത് പോലെ ദുർബലരായ ആളുകളുടെ മേൽ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഉണ്ടാക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നും ഡേവിഡ് കാമറൂൺ പ്രഭു പറഞ്ഞു.


ഗോർഡൻ ബ്രൗൺ, ബറോണസ് തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ് എന്നിവരെല്ലാം ബില്ലിനെ തള്ളിക്കളയാൻ എംപിമാരോട് ആവിശ്യപ്പെട്ടതിനു ശേഷം ബില്ലിനെ പിന്തുണയ്ക്കുന്ന ആദ്യത്തെ മുൻ പ്രധാനമന്ത്രിയാണ് കാമറൂൺ പ്രഭു. എന്നാൽ മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ വളരെ ശക്തമായ ഭാഷയിലാണ് ബില്ലിനെതിരെ പ്രതികരിച്ചത്. നിയമത്തിലെ വ്യവസ്ഥകൾ എത്ര നല്ലതാണെങ്കിലും അത് പ്രായമായവരോടും ഗുരുതരമായ രോഗികളോടും വികലാംഗരോടും സമൂഹത്തിൻറെ മനോഭാവത്തെ മാറ്റുമെന്ന് ബിബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 2015 മുതൽ അദ്ദേഹം എംപി അല്ലെങ്കിലും ലേബർ പാർട്ടിയിൽ ഗോർഡൻ ബ്രൗണിന് ഇപ്പോഴും നിർണ്ണായക സ്വാധീനമുണ്ട്. ആറ് മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് ഡോക്ടർമാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെടുന്ന മാരക രോഗമുള്ള വ്യക്തികൾക്ക് അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് ബിൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനുള്ള സുപ്രധാന വോട്ടെടുപ്പ് നവംബർ 29 വെള്ളിയാഴ്ച നടക്കും. ഇത് ഒരു സ്വതന്ത്ര വോട്ടെടുപ്പായാണ് പാർലമെന്റിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കും. സമാനമായ ബിൽ 2015 -ൽ അവതരിപ്പിച്ചപ്പോൾ 118 നെതിരെ 330 വോട്ടുകൾക്ക് നിരസിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാക്കിയത് ബില്ലിന്റെ ചർച്ചയിൽ പ്രതിഫലിക്കും എന്നാണ് പൊതുവെ കരുതുന്നത്. പ്രസ്തുത വിഷയത്തിൽ പല എംപിമാരും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല എന്നാണ് കരുതുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ളവർ എതിർക്കുന്നുണ്ടെങ്കിലും കെയർ സ്റ്റാർമറും മന്ത്രിസഭയിലെ ഭൂരിഭാഗവും ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ നിലവിൽ ലേബർ എംപി കിം ലീഡ്‌ബീറ്ററിൽ അവതരിപ്പിക്കുന്നത് ഒരു സ്വകാര്യ ബില്ലാണ്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണത്തിന്റെ കരടിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ദയാവധത്തെ കുറിച്ച് നടക്കുന്ന ചർച്ചകളിൽ എൻഎച്ച്എസും കടന്നു വന്നു. എൻഎച്ച്എസ്സിന്റെ പരിചരണം തൃപ്തികരമായി ലഭിക്കാതിരിക്കുന്ന മാരകരോഗമുള്ളവർ ദയാവധം തിരഞ്ഞെടുത്തേക്കാമെന്നാണ് ഒരു എംപിയായ അൻ്റോണിയ ബാൻസ് പറഞ്ഞു. പാലിയേറ്റീവ് പരിചരണത്തിലും അപകടകരമായ പ്രവണതകൾ ഉടലെടുക്കാം എന്ന് പലരും ചൂണ്ടി കാണിക്കുന്നുണ്ട്.