ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത പ്രതിസന്ധിയിലൂടെയാണ് എൻഎച്ച്എസ് കടന്നു പോകുന്നത്. തുടർച്ചയായ സമരം മൂലം മറ്റും എൻഎച്ച്എസിൻ്റെ താളം തെറ്റിച്ചിരിക്കുന്നു . ഗുരുതരമായ രോഗികൾക്ക് പോലും നീണ്ട കാത്തിരിപ്പാണ് നേരിടേണ്ടി വരുന്നത് . ഈ മാസം 24-ാം തീയതി മുതൽ ജൂനിയർ ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം സ്ഥിതി കൂടുതൽ വഷളാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

മതിയായ ദന്ത ഡോക്ടർമാരുടെ അഭാവമാണ് എൻഎച്ച്എസ് നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഇതിനെ നേരിടാൻ ഒട്ടേറെ പുതിയ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് എൻഎച്ച്എസ്. ഇതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള ദന്ത ഡോക്ടർമാരെ കൂടുതലായി നിയമിക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാനാണ് നീക്കം. നേരത്തെ യുകെയിൽ ജോലി ചെയ്യാൻ മറ്റ് രാജ്യത്തിൽ നിന്നുള്ള ദന്ത ഡോക്ടർമാർ യുകെയിൽ പരീക്ഷയെഴുതി ജയിക്കണമായിരുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ കൊടുക്കാനുള്ള നിർദ്ദേശമാണ് സർക്കാർ തലത്തിൽ നടത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശം.

എൻഎച്ച്എസ്സിന്റെ പുതിയ നീക്കം ഒട്ടേറെ മലയാളികൾക്ക് അവസരത്തിന് വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്. അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതി നേരത്തെ എൻഎച്ച്എസ് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം വിവിധ സ്കൂളുകളിൽ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നൽകാനും സർക്കാർ തയ്യാറെടുക്കുകയാണ്. ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.