ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പെട്ടെന്നുണ്ടായ പ്രളയത്തെ തുടർന്ന് എക്സെറ്റർ വിമാനത്താവളം അടച്ചു. രാജ്യത്തുടനീളം ശക്തമായ മഴ പല പ്രദേശങ്ങളിലും ഉണ്ടായതിനെ തുടർന്നാണ് അപ്രതീക്ഷിതമായ പ്രളയം ഉണ്ടായത്. എത്രയും വേഗം സാധാരണ രീതിയിലേക്ക് പ്രവർത്തനങ്ങൾ പുനസ്ഥാപിക്കുവാൻ ശ്രമിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സോമർസെറ്റിൽ മെറ്റിയൊറോളജിക്കൽ ഓഫീസ് കണക്കുകൾ പ്രകാരം ടൗണ്ടണിനും ബ്രിഡ്ജ് വാട്ടറിനും ചുറ്റുമുള്ള പ്രദേശത്ത് 12 സെന്റീമീറ്റർ വരെ മഴ പെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ട്. സെപ്തംബർ മാസത്തെ ശരാശരി മഴയേക്കാൾ കൂടുതലാണ് ഇത്. എക്സെറ്റർ വിമാനത്താവളത്തിന്റെ ടെർമിനൽ ഫ്ലോറിൽ ആളുകൾ വെള്ളത്തിൽ നിൽക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാർ അവരുടെ ലൈറ്റുകളെ സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി എയർലൈനുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.
ഗ്രീസിലെ ന്യൂകാസിൽ, സാന്റെ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്ന അഞ്ച് ഇൻകമിംഗ് ഫ്ലൈറ്റുകളെങ്കിലും റദ്ദാക്കിയതായി വിമാനത്താവള സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം അധികൃതർ നൽകി കഴിഞ്ഞു. വൈദ്യുതി മുടങ്ങൽ തുടങ്ങിയവ ചില സ്ഥലങ്ങളിൽ ഉണ്ടാകാമെന്ന് മുന്നറിയിപ്പുകളും ഉണ്ട്. തെക്ക് പടിഞ്ഞാറിനെ ബാധിക്കുന്ന മഴ ഞായറാഴ്ച ഉച്ചയോടെ ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.
തിങ്കളാഴ്ചയും മഴ ഉണ്ടാകാമെങ്കിലും ശക്തമായ രീതിയിൽ ഉണ്ടാകില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അപ്രതീക്ഷിതമായ മഴയിൽ ഉണ്ടായ പ്രതിസന്ധികളിൽ ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Leave a Reply