സെബാസ്റ്റ്യൻ സ്കറിയ
എക്സിറ്റർ: കൊറോണ വൈറസ് മാനവരാശിക്ക് സമ്മാനിച്ചത് സമാനതകൾ ഇല്ലാത്ത ആഘാതം തന്നെ. എന്നാൽ ആകാംക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിൻ ജനത്തിന് നല്കി തുടങ്ങിയെന്ന ശുഭവാർത്തയോടെ ലോകം പുതുവർഷത്തെ വരവേറ്റപ്പോൾ എക്സിറ്റർ കേരള കമ്മ്യൂണിറ്റി (ഇ.കെ. സി.) ദുരിതകാലത്ത് തങ്ങളുടെ അംഗങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് അവരുടെ ഒപ്പം സഞ്ചിരിക്കുവാൻ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയോടെയാണ് പുതുവർഷത്തിലേക്ക് കടക്കുന്നത് .
കൊറോണയുടെ ദുരിതങ്ങൾ അംഗങ്ങൾ അനുഭവിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ സംഘടന , എക്സിറ്റർ മലയാളിയുടെ ഒരോ ആവശ്യത്തിലും അവരുടെ കൂടെ നില്ക്കുവാൻ സാധിച്ചു എന്നത് അത്യന്തം സന്തോഷകരമായ കാര്യം തന്നെയാണന്ന് ഇ. കെ. സി. ചെർമാൻ കുര്യൻ ചാക്കോ (ബൈജു) പറഞ്ഞു.
കൊറോണയുമായി ബന്ധപ്പെട്ട് ഉണ്ടായ ആദ്യ ലോക് ഡൗൺ കാലത്ത് പ്രസിഡൻ്റ് രാജേഷ് നായരുടെയും സെക്രട്ടറി ജോമോൻ തോമസിൻ്റെയും ട്രെഷറർ ജിന്നി തോമസിൻ്റെയും നേതൃത്വത്തിൽ അംഗങ്ങൾക്ക് പലചരക്കു സാധനങ്ങളും മരുന്നുകളും മറ്റും കമ്മറ്റി അംഗങ്ങളുടെ സഹായത്തോടെ ആവശ്യമായ അംഗങ്ങളുടെ ഭവനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞത് ഇ കെ സി യെ സംബന്ധിച്ചടത്തോളം ചാരിതാർത്ഥ്യകമായ കാര്യമായിരുന്നു ചെയർമാൻ ഓർമ്മിക്കുന്നു.
ജിസിസി, എ ലെവൽ പരീക്ഷകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്ക് അവരവരുടെ ഭവനങ്ങളിൽ എത്തി അവരെ അഭിനന്ദിക്കുകയും പോത്സാഹന സമ്മാനങ്ങൾ നല്കുകയും ചെയ്തു. സമീക്ഷ സർഗ്ഗവേദിയുടെ സീനിയർ കുട്ടികളുടെ പ്രസംഗ മത്സരത്തിൽ സമ്മാനം നേടിയ കമ്മറ്റിയംഗം കൂടിയായ അമൃത ദിലിപിനെയും കമ്മറ്റി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
കോവിഡിൻ്റെ രണ്ടാം വ്യാപനം എക്സിറ്റർ മലയാളി സമൂഹത്തെ കാര്യമായി തന്നെ ബാധിക്കുമ്പോൾ അവർക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം തുടങ്ങിയവ എത്തിച്ചു നല്കി അവരുടെ കൂടെ തന്നെ സംഘടനയും ഒരോ അംഗങ്ങളും ചേർന്നു നില്ക്കുന്നു എന്നത് വളരെ ആശ്വാസകരമായ കാര്യമായി പ്രസിഡൻ്റ് രാജേഷ് നായർ കാണുന്നു.
ക്രിസ്തുമസ് പുതുവർഷ ആലോഷങ്ങൾ കേവലം സ്വന്തം ഭവനങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കുവാൻ അംഗങ്ങൾക്കു വേണ്ടി ക്രിസ്തുമസ് വീട് അലങ്കാരം , കരോൾ ഗാന മത്സരങ്ങൾ സംഘടിപ്പിക്കുവാൻ, ഇ. കെ. സി.യ്ക്ക് സാധിച്ചു.
ക്രിസ്തുമസ്സിനോടനുബന്ധിച്ച് അറുപത്തിയഞ്ചോളം വരുന്ന ഭവനങ്ങളിൽ ക്രിസ്തുമസ് കേക്കുകൾ എത്തിച്ചു നല്കുവാൻ കമ്യൂണിറ്റി അംഗം ഷിബു ജോർജ് വഞ്ചിപുരയുടെ നേതൃത്വത്തിൽ റോയൽ മെയിൽ ജീവനക്കാരുടെ സഹായത്തോടെ ഇ.കെ. സി. യ്ക്കു കഴിഞ്ഞു എന്നത് അംഗങ്ങളുടെ പരസ്പര സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും തെളിവാണന്നും രാജേഷ് ചൂണ്ടി കാട്ടി.
വൈസ് പ്രസിഡൻ്റ് ഷൈനി പോൾ, ജോയ്ൻ്റ് സെക്രട്ടറിമാരായ അമൃതാ ജെയിംസ് രഹനാ പോൾ അടക്കം മറ്റു കമ്മറ്റിയംഗങ്ങളും കൊറോണ ദുരിതത്തിൽ നിന്നു മുക്തമായ ഒരു നല്ല വർഷത്തിൽ കമ്യുണിറ്റിയംഗങ്ങളും ചേർന്നുള്ള ആഘോഷങ്ങൾക്കു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
Leave a Reply