മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് നഴ്സുമാരടക്കമുള്ളവർക്ക് കൂടുതൽ തൊഴിൽ അവസരത്തിനും ഹെൽത്ത് ടൂറിസത്തിനും സാധ്യത വർദ്ധിപ്പിക്കാനും ഇത് കാരണമാകും. യൂറോപ്പിൽ നിന്ന് കേരളത്തിലേയ്ക്ക് ഡയറക്ട് ഫ്ളൈറ്റ് സർവീസ് നടപ്പാക്കാൻ വേണ്ട കാര്യങ്ങൾ എൽഡിഎഫ് സർക്കാർ ഗൗരവമായെടുത്തിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് അറിയിച്ചു.
സാധാരണക്കാർക്കായി ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഗവൺമെൻ്റാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടത്തിയ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം കഴിഞ്ഞ നാലര വർഷം കൊണ്ട് ഉണ്ടായതായി ചാഴികാടൻ സൂചിപ്പിച്ചു. എൽഡിഎഫ് ഭരണത്തിൻ്റെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച എൽഡിഎഫിൻ്റെ മാനിഫെസ്റ്റോ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി ഡോ .തോമസ് ഐസക്കും തോമസ് ചാഴികാടനും യുകെയിലെയും അയർലണ്ടിലെ മലയാളികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു
എൽഡിഎഫ് യുകെ – അയർലണ്ട് കൺവീനർ രാജേഷ് കൃഷ്ണയുടെ ആമുഖത്തോടെ ആരംഭിച്ച ഇൻ്ററാക്ടീവ് സെഷനിൽ പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡൻ്റ് ഷൈമോൻ തോട്ടുങ്കൽ സ്വാഗതം ആശംസിച്ചു. ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്താനായി പ്രവാസികൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അബ്രാഹാം കുര്യൻ മീറ്റിംഗിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എൻആർഐ കമ്മീഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം സി.എ ജോസഫ് മുന്നോട്ടുവച്ചു. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്, യുകെ – അയർലണ്ട് സെക്രട്ടറി ഹെർസേവ് ബെയിൻസ് മീറ്റിംഗിൽ സംസാരിച്ചു. പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി ജിജോ അരയത്ത് യോഗത്തിൽ ആശംസാ പ്രസംഗം നടത്തി. ചേതന യുകെ സെക്രട്ടറി ലിയോസ് പോൾ നന്ദി പ്രകാശിപ്പിച്ചു.
Leave a Reply