ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രവാസികൾ എല്ലാവരും തന്നെ വർഷത്തിൽ ഒന്നിലേറെ തവണ വിമാനത്തിൽ യാത്ര ചെയ്യുന്നവരാണ്. ആദ്യകാല വിമാന യാത്രകളിൽ എയർഹോസ്റ്റസുമാർ നൽകുന്ന സുരക്ഷാനിർദേശങ്ങൾ ഗൗരവത്തോടെ കണ്ടിരുന്നെങ്കിൽ പിന്നെ പിന്നെ അത് ഒരു ചടങ്ങു മാത്രമായി കാണുകയും അത്ര ഗൗനിക്കാതിരിക്കുകയും ചെയ്യുകയാണ് നമ്മുടെ പതിവ്. മറ്റ് യാത്രാ മാർഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിമാനയാത്രയുടെ അപകട നിരക്ക് താരതമ്യേന കുറവാണ്. എന്നാൽ കഴിഞ്ഞദിവസം ജപ്പാനിലെ ടോക്കിയോയിലെ ഹനേസ വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് വിമാനം ജപ്പാൻ എയർലൈൻ വിമാനവുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചത് വീണ്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ചർച്ചയാകാൻ കാരണമായിരിക്കുകയാണ്. കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്ന 6 ജീവനക്കാരിൽ 5 പേരും മരിച്ചെങ്കിലും യാത്രാ വിമാനത്തിലെ 379 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി രക്ഷിക്കാൻ സാധിച്ചത് യാത്രക്കാരും ജീവനക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനാലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുമ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നതല്ലെന്ന ഭാവമാണ് പലർക്കും . എന്നാൽ ഏതൊരു സുരക്ഷാ വീഴ്ചയും എത്രമാത്രം വലിയ ദുരന്തമാണ് വരുത്തി വയ്ക്കുക എന്നത് പ്രവചനാതീതമാണ്. ഫ്ലൈറ്റിലെ ചില സുരക്ഷാനിർദേശങ്ങളും അവയുടെ പ്രാധാന്യവും എന്താണെന്ന് പരിശോധിക്കാം.
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിങ്ങിന്റെ സമയത്തും സീറ്റുകൾ നേരെയാക്കാൻ തരുന്ന നിർദ്ദേശത്തിന്റെ കാരണമെന്ത്? പലപ്പോഴും നമ്മൾ ഉള്ളിൽ ചോദിക്കുന്ന ചോദ്യമാണിത്. ടേക്ക് ഓഫിലും ലാൻഡിങ്ങിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണ്. അടിയന്തിര സാഹചര്യത്തിൽ ഒഴിപ്പിക്കലിന്റെ ഘട്ടത്തിൽ നിങ്ങളുടെ സീറ്റ് ചെരിഞ്ഞിരുന്നാൽ പിന്നിലിരിക്കുന്ന ആൾക്ക് വേഗത്തിൽ അവരുടെ സീറ്റിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ല. ഇതിന് സമാനമായ അവസ്ഥയാണ് ട്രേ റ്റേബിൾ മടക്കി വെച്ചിട്ടില്ലങ്കിലത്തെ അവസ്ഥ കൊണ്ട് സംജാതമാകുന്നത്. അടിയന്തിര സാഹചര്യത്തിൽ നിരയിലെ മറ്റ് യാത്രക്കാർക്ക് നിങ്ങളുടെ ട്രേ ടേബിൾ തടസം സൃഷ്ടിക്കും.
ടേക്ക് ഓഫിന്റെയും ലാൻഡിങ്ങിന്റെയും സമയത്ത് വിൻഡോ ബ്ലൈൻഡ് തുറന്നു വയ്ക്കണമെന്ന് പറയുന്നതിനും വളരെ പ്രാധാന്യമുണ്ട്. വിൻഡോ ബ്ലൈൻഡ് തുറന്നിരുന്നാൽ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും എൻജിൻ തീ പോലുള്ള പ്രശ്നങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സഹായിക്കും . അടിയന്തിര ഒഴിപ്പിക്കൽ ഘട്ടങ്ങളിൽ വിമാനത്തിനകത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വിൻഡോ ബ്ലൈൻഡ് തുറന്നു വയ്ക്കുന്നത് പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യും.
ലാൻഡിങ് ചെയ്യുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴും ഫ്ലൈറ്റുകളിലെ ലൈറ്റുകൾ ഡിം ചെയ്യുന്നതും സുരക്ഷാകാരണങ്ങൾ മൂലമാണ്. പുറത്തെ വെളിച്ചവുമായി പൊരുത്തപ്പെടാനും നന്നായി കാഴ്ച ലഭിക്കാനും വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തുന്ന വരെ ഇത് സഹായിക്കും.
2013 മുമ്പ് ടേക്ക് ഓഫിനും ലാൻഡിങ് സമയത്തും മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡിൽ ആയിരിക്കണമെന്ന കർശന നിർദേശം നൽകപ്പെട്ടിരുന്നു. ഫ്ലൈറ്റിന്റെ സിഗ്നൽ സംവിധാനവും എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയത്തിൽ ഫോൺ സിഗ്നലുകൾ തടസ്സം സൃഷ്ടിച്ചേക്കാം എന്ന അപകടകരമായ സാഹചര്യം ഉള്ളതിനാലാണ് ഈ മാർഗ്ഗദർശനം നൽകപ്പെട്ടിരുന്നത് . എന്നാൽ പിന്നീട് ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള രീതിയിലേക്ക് ഫ്ലൈറ്റ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഏതെങ്കിലും സാഹചര്യത്തിൽ ഫോൺ സിഗ്നലുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം എന്ന അപകടകരമായ സാഹചര്യം മുന്നിൽകണ്ടാണ് ഇപ്പോഴും മിക്കവാറും ഫ്ലൈറ്റുകളിലും ഫ്ലൈറ്റ് മോഡ് നിർദ്ദേശം നൽകപ്പെടുന്നത്.
അടിയന്തിര ഒഴിപ്പിക്കൽ ഘട്ടത്തിൽ യാത്രക്കാർക്ക് ഹാൻഡ് ലഗേജ് എടുക്കരുതെന്ന് നിർദ്ദേശിക്കാറുണ്ട്. ഒരുപക്ഷേ നമ്മുടെ ഹാൻഡ് ബാഗ് മറ്റൊരാളുടെ രക്ഷാമാർഗ്ഗം തടയുകയോ ,കുരുക്ക് സൃഷ്ടിക്കുകയോ, ഇടിക്കുകയോ ചെയ്തേക്കാം. എല്ലാത്തിനും ഉപരിയായി മറ്റൊരാൾക്ക് രക്ഷപ്പെടാൻ ഉപകരിക്കപ്പെട്ട വിലപ്പെട്ട സ്ഥലം നമ്മുടെ ബാഗ് തന്നെ അപഹരിച്ചേക്കാം.
അടുത്ത ഫ്ലൈറ്റ് യാത്രയിൽ ഈ കാര്യങ്ങൾ മനസ്സിൽ കരുതണം . ജീവൻറെ വിലയുള്ള ജാഗ്രത നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ സഹായിക്കും.
Leave a Reply