ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിൽ കൊടുങ്കാറ്റുകൾ ഒഴിഞ്ഞ് മാനം തെളിഞ്ഞു. ചൂടേറിയ കാലാവസ്ഥയിലൂടെയാണ് ഇപ്പോൾ ബ്രിട്ടൻ നീങ്ങുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാജ്യത്ത് പലയിടങ്ങളിലും താപനില 32.7 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നിരുന്നു. എന്നാൽ വാരാന്ത്യത്തിൽ അത് 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. പലയിടത്തും ഇന്നലെ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. എന്നാൽ വരും ദിനങ്ങളിൽ താപനില 28 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. അതിനാൽ, ഈ ബുധനാഴ്ച ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിനായി പോകുന്നവർക്ക് ഊഷ്‌മളമായ കാലാവസ്ഥ ലഭിക്കും.
ഈ വര്‍ഷം ഇനിയും നാല് ഉഷ്ണ തരംഗങ്ങള്‍ കൂടി ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. ജൂലൈയിൽ താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്ന് മെറ്റ് ഓഫീസ് ഉദ്യോഗസ്ഥൻ സൈമൺ പാട്രിഡ്ജ് പറഞ്ഞു. താപനില ഉയരുമെങ്കിലും ഈയാഴ്ച ഉഷ്ണതരംഗത്തിന് സാധ്യതയില്ല. എന്നാൽ ജൂലൈ പകുതിയോടെ ഇത് പ്രതീക്ഷിക്കാമെന്ന് പാട്രിഡ്ജ് കൂട്ടിച്ചേർത്തു.
പശ്ചിമ യൂറോപ്പില്‍ താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്‌പെയിനില്‍ നിന്നും ബ്രിട്ടനിലേക്ക് ഉഷ്ണവായു പ്രവാഹമുണ്ടാകുമെന്ന് ദി വെതര്‍ കമ്പനിയിലെ ലിയോണ്‍ ബ്രൗണ്‍ പറഞ്ഞു. താപനില 36 ഡിഗ്രിയായി ഉയർന്നാലും അതിശയപ്പെടാനില്ല. മൂന്നാമത്തെ ഉഷ്ണതരംഗം ഓഗസ്റ്റിൽ ഉണ്ടായേക്കും. സെപ്റ്റംബറില്‍ നാലമത്തെ തരംഗം എത്തുന്നതോടെ താപനില ക്രമാതീതമായി ഉയരും. താപനില ഉയർന്നതിന് പിന്നാലെ സ്പെയിനിൽ കാട്ടുതീ പടർന്നു. വൻ തീപിടിത്തത്തെ തുടർന്ന് മധ്യ സ്പെയിനിലെ പുയ് ഡു ഫൗ തീം പാർക്കിൽ നിന്ന് 3000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.
Leave a Reply