ലണ്ടന്‍: വിന്റര്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് ഡിസംബര്‍ ഒന്നിനാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് പത്ത് വരെയെത്തി. ഇതോടെ ജനങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നോര്‍ത്തേണ്‍ പ്രദേശങ്ങളായ ടീസ്‌ഡെയില്‍, കൗണ്ടി ഡര്‍ഹാം എന്നിവിടങ്ങള്‍ മഞ്ഞ് പുതച്ചു കഴിഞ്ഞു. ഐസ് ലാന്‍ഡ് തലസ്ഥാനത്തേക്കാള്‍ തണുപ്പ് ബ്രിട്ടനില്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. റെയ്ക്യാവിക്കില്‍ ഉയര്‍ന്ന താപനില 7 ഡിഗ്രി സെല്‍ഷ്യസും ഹെല്‍സിങ്കില്‍ 3 മുതല്‍ 4 ഡിഗ്രി വരെയുമാണ് ഈയാഴ്ച പ്രതീക്ഷിക്കുന്നത്.
സ്‌കോട്ട്‌ലന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങളില്‍ രാത്രിയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വ്യാഴവും വെള്ളിയും താപനില ഏറ്റവും കുറഞ്ഞ ദിവസങ്ങളായിരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മൈനസ് പത്ത് വരെ താപനില താഴും. കടുത്ത ശൈത്യം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്രായമുള്ളവരുടെയും കുട്ടികളുടെയു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.
ഹൃദയ രോഗികള്‍ക്കും ശ്വാസകോശ രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. വീടുകള്‍ക്കുള്ളിലെ താപനിയ 18 ഡിഗ്രിയാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കട്ടിയുള്ള ഒരു വസ്ത്രം മാത്രം ധരിക്കാതെ കനം കുറഞ്ഞ ഒന്നിലേറെ വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും ഉത്തമമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ റോഡുകളില്‍ മഞ്ഞ്മൂടി തെന്നലുണ്ടാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.
Leave a Reply