ബിനോയി ജോസഫ്
ഓസ്ട്രേലിയയിലെ ഫോക്നറിലുള്ള സെന്റ് മാത്യൂസ് ചർച്ചിൽ ഇറ്റാലിയൻ കുർബാനയ്ക്കായി ഒരുങ്ങുന്നതിനിടെ കുത്തേറ്റ ഫാ. ടോമി മാത്യു സുഖം പ്രാപിക്കുന്നു. ഞായറാഴ്ച അദ്ദേഹം വിശുദ്ധ ബലി അർപ്പിച്ചു. തിരുവസ്ത്രങ്ങൾ അണിഞ്ഞ് അൾത്താരയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് 72 വയസുള്ള ഒരാൾ ഫാ.ടോമിയുടെ കഴുത്ത് ലക്ഷ്യമാക്കി കുത്തിയത്. മാർച്ച് 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. പെട്ടെന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചതിനാൽ കത്തി തിരു വസ്ത്രത്തിലൂടെ ആഴ്ന്നിറങ്ങി ഇടതു ഷോൾഡറിൽ മുറിവുണ്ടാക്കി. ഫാ.ടോമിയെ ആക്രമിച്ചയാൾ അതിനു മുമ്പ് മൂന്നു തവണ ചർച്ചിൽ എത്തിയിരുന്നു. ഫാ. ടോമിയെ അന്വേഷിച്ച അയാൾ എവിടെ ആ ഇന്ത്യൻ എന്നു ചോദിച്ചു. മാർച്ച് 4 ന്, അക്രമിച്ചയാൾ ഫാ.ടോമിയെ നേരിട്ടു കണ്ടിരുന്നു. “എന്നെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലാ എന്ന് അയാൾ പറഞ്ഞു. കാരണം നീ ഇന്ത്യാക്കാരനാണ്. ഇന്ത്യാക്കാരെല്ലാം ഒന്നുകിൽ ഹിന്ദുവോ അല്ലെങ്കിൽ മുസ്ളിമോ ആണ്. അയാളുടെ അജ്ഞതയാണ് അക്രമത്തിലേക്ക് നയിച്ചത്”. ഫാ.ടോമി പറയുന്നു.
വിശ്വാസികൾ ഇറ്റാലിയൻ കുർബാനയ്ക്ക് ഒരുക്കമായുള്ള ഗാനങ്ങൾ ആലപിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കത്തി പിന്നിൽ ഒളിപ്പിച്ചു പിടിച്ചാണ് അക്രമി എത്തിയത്. ഇന്ത്യാക്കാരനായതിനാൽ കുർബാന അർപ്പിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കില്ലെന്ന് കരുതി ഫാ.ടോമി ബലിയർപ്പിക്കുവാൻ തയ്യാറെടുത്തെങ്കിലും തിരുവസ്ത്രത്തിൽ രക്തം പൊടിയുന്നത് അദ്ദേഹത്തി൯െറ സഹ ശുശ്രൂഷികൾ കണ്ടു. തുടർന്ന് വിശ്വാസികൾക്കായി ഫാ.ടോമി ഒരു ഹ്രസ്വമായ പ്രാർത്ഥന നടത്തി ആശീർവാദം നല്കി. അപ്പോഴേയ്ക്കും ആംബുലൻസ് ചർച്ചിനു പുറത്ത് എത്തിയിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നല്കിയ ശേഷം ഉടൻ തന്നെ ഫാ.ടോമിയെ ഹോസ്പിറ്റിലിലേയ്ക്ക് മാറ്റി അടിയന്തിര പരിചരണ വിഭാഗത്തിലാക്കി. കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കളത്തൂർ കുടുംബാംഗമായ ഫാ.ടോമി 2014 മുതൽ ഇതേ ചർച്ചിൽ വികാരിയായി സേവനമനുഷ്ഠിച്ച് വരുന്നു. ഞായറാഴ്ച ഉന്മേഷവാനായി വീണ്ടും ബലി വേദിയിൽ എത്തിയ ഫാ.ടോമി തനിക്കായി പ്രാർത്ഥിച്ചവർക്കും പിന്തുണ നല്കിയവർക്കും ഇടവക വിശ്വാസികൾക്കും നന്ദി പറഞ്ഞു. ഇടവകാംഗങ്ങൾ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹത്തെ സ്വീകരിച്ചു.