ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് തീവ്രവ്യാപന സമയത്ത് അവതരിപ്പിച്ച പ്ലാൻ ബി നിയന്ത്രണങ്ങൾ അടുത്ത വ്യാഴാഴ്ച പിൻവലിക്കുമെന്ന് പ്രധാനമന്ത്രി. കോവിഡ് പാസ്പോർട്ടും വർക്ക് ഫ്രം ഹോം നിർദേശവും ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച ബോറിസ്‌ ജോൺസൻ, പൊതു സ്ഥലങ്ങളിൽ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിർദേശവും പിൻവലിക്കുമെന്ന് വ്യക്തമാക്കി. ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസ്താവനയിലാണ് ജോൺസൻ ഇക്കാര്യം വ്യക്തമാക്കിയത്. “ബൂസ്റ്റർ ഡോസുകളിലൂടെ ഇംഗ്ലണ്ട് ‘പ്ലാൻ എ’യിലേക്ക് മടങ്ങുകയാണ്. 60 വയസ്സിനു മുകളിലുള്ളവരിൽ 90% ത്തിലധികം പേർക്കും ബൂസ്റ്റർ ഡോസ് നൽകിയിട്ടുണ്ട്” – ജോൺസൻ എംപിമാരോട് പറഞ്ഞു.

ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ;

• വർക്ക്‌ ഫ്രം ഹോം നിർദേശം ഇന്ന് പിൻവലിക്കും. ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങുന്നതിനെപറ്റി ഉടമകളുമായി ചർച്ച ചെയ്യണമെന്ന് പ്രധാനമന്ത്രി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

• കെയർ ഹോമുകളിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കും

• ജനുവരി 27 മുതൽ നിശാക്ലബുകളിലും മറ്റ് വലിയ വേദികളും പ്രവേശിക്കുന്നതിന് കോവിഡ് പാസ്സ് നിർബന്ധമല്ല.

• നാളെ മുതൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ മാസ്ക് ധരിക്കേണ്ടതില്ല. ജനുവരി 27 മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നില്ല. എന്നാൽ തിരക്കേറിയ സ്ഥലങ്ങളിലോ അപരിചിതരെ കാണുമ്പോഴോ മാസ്ക് ധരിക്കുന്നതാണ് ഉചിതം.

അതേസമയം, കോവിഡ് പോസിറ്റീവ് ആയാൽ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന നിയമം ഉടൻ പിൻവലിക്കില്ല. കൊറോണ വൈറസിനൊപ്പം ജീവിക്കുന്നതിനുള്ള ദീർഘകാല നടപടികൾ സർക്കാർ ആവിഷ്കരിക്കുമെന്നും ഭാവിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.