ഗൂഗിള്‍, ഫെയിസ്ബുക്ക് എന്നിവയില്‍ കൂടി പ്രചരിക്കപ്പെടുന്ന വാര്‍ത്തകളില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ മേല്‍നോട്ടത്തിന് റെഗുലേറ്ററെ നിയമിക്കണമെന്ന് ഗവണ്‍മെന്റ് പിന്തുണയോടെ നടത്തിയ റിവ്യൂ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. യുകെയുടെ വാര്‍ത്താ ഇന്‍ഡസ്ട്രിയുടെ ഭാവി സംബന്ധിച്ചുള്ള കെയണ്‍ക്രോസ് റിവ്യൂവിലാണ് ഈ നിര്‍ദേശമുള്ളത്. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നല്‍കുന്ന സൈറ്റുകള്‍ വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാന്‍ വായനക്കാരെ സഹായിക്കണമെന്നും നിലവാരമുള്ള വാര്‍ത്തകള്‍ സംബന്ധിച്ച് അവര്‍ക്ക് അറിവ് നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ലോക്കല്‍ ജേര്‍ണലിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവുകള്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഇതിനേക്കാള്‍ ഉപരിയായി ഒരു പബ്ലിക് ഇന്ററസ്റ്റ് ന്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആര്‍ട്‌സ് കൗണ്‍സിലിന് തുല്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വാര്‍ത്താ മേഖലയില്‍ സഹായം ആവശ്യമായ സ്ഥാപനങ്ങള്‍ക്ക് പബ്ലിക്, പ്രൈവറ്റ് ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കും. ഉന്നത നിലവാരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ച് നടത്തിയ സ്വതന്ത്ര റിവ്യൂ മുന്‍ മാധ്യമപ്രവര്‍ത്തകനായ ഡെയിം ഫ്രാന്‍സസ് കെയണ്‍ക്രോസ് ആണ് നടത്തിയത്. വാര്‍ത്താ പ്രസാധകര്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇടയില്‍ വാര്‍ത്തകള്‍ വിതരണം ചെയ്യപ്പെടുന്നതിലുള്ള ക്രമരാഹിത്യവും അസന്തുലിതാവസ്ഥയും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഫെയിസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയവര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വിശ്വസിക്കാവുന്ന വാര്‍ത്തകള്‍ ഏതാണെന്ന് വ്യക്തമാക്കിക്കൊടുക്കണം.
ഏതൊക്കെ വാര്‍ത്തകള്‍ക്കായിരിക്കണം ദൃശ്യത നല്‍കേണ്ടത് എന്നകാര്യത്തില്‍ കൂടുതല്‍ സുതാര്യത വരുത്തണം. ഈ ശ്രമങ്ങളെല്ലാം മേല്‍നോട്ടത്തിന് വിധേയമായി നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറ്റുകള്‍ ഏതു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റെഗുലേറ്റര്‍ ആദ്യഘട്ടത്തില്‍ വിലയിരുത്തും. നിയന്ത്രണങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
Leave a Reply