പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികള്‍ കണ്ണടക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. വൈകാരികമായ പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗം പ്രായപൂര്‍ത്തിയാകാത്തവരില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് ഹണ്ട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ക്ക് ഹണ്ട് കത്തെഴുതി. പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം, സൈബര്‍ ബുള്ളിയിംഗ് പ്രതിരോധം, ആരോഗ്യകരമായ സ്‌ക്രീന്‍ ടൈം എങ്ങനെ പ്രാവര്‍ത്തികമാക്കാം, ഇവ കൂടാതെ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാനാകും തുടങ്ങിയ കാര്യങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ വിശദമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
പ്രായപരിധി ലംഘനത്തിന് പ്രത്യക്ഷമായ മൗനാനുവാദം നല്‍കുന്ന ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ക്ക് വിലങ്ങിടാന്‍ നിയമനിര്‍മാണത്തിന് മന്ത്രിമാര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം തടയാന്‍ കഴിയാത്തത് നിരുത്തരവാദപരവും അംഗീകരിക്കാനാകാത്തതുമാണെന്ന് ഹണ്ട് പറഞ്ഞു. പ്രായം സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങള്‍ ഒട്ടും കാര്യക്ഷമമല്ലെന്നും മിനിമം പ്രായപരിധി ലംഘിക്കുന്ന കാര്യം കമ്പനികള്‍ക്ക് താല്‍പര്യമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും കത്തില്‍ ഹണ്ട് ആരോപിക്കുന്നു. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളോട് കാട്ടുന്ന വിശ്വാസരാഹിത്യമാണ് ഇതെന്നും ഹണ്ട് പറഞ്ഞു.
മാതാപിതാക്കളെ കുറ്റക്കാരാക്കുന്ന ഈ പ്രവണതയിലേക്ക് നയിക്കുന്ന സോഷ്യല്‍ മീഡിയ വമ്പന്‍മാരുടെ രീതികള്‍ നിരുത്തരവാദപരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള താല്‍പര്യം കമ്പനികള്‍ക്കുണ്ടോ എന്ന ചോദ്യവും ഹണ്ട് ഉന്നയിക്കുന്നു. കുട്ടികള്‍ക്കു വേണ്ടിയുള്ള പതിപ്പ് അവതരിപ്പിച്ച ഫേസ്ബുക്കിനെ കഴിഞ്ഞ ഡിസംബറില്‍ ഹണ്ട് വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ അടുത്ത മെയ് മാസത്തിനുള്ളില്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
Leave a Reply