യുകെയിലെ ഉപഭോക്താക്കളുടെ മുഖം ഒട്ടോമാറ്റിക്കായി തിരിച്ചറിയാനുള്ള ടെക്‌നോളജിക്ക് അനുവാദം തേടി ഫെയിസ്ബുക്ക്. ടെക്‌നോളജി ഉപയോഗിക്കാനുള്ള അനുവാദം ആരാഞ്ഞ് ഫെയിസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ ആപ് നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. മുഖം ഒട്ടോമാറ്റിക്കായി തിരിച്ചറിയാനുള്ള ടെക്‌നോളജിക്ക് അനുമതി നല്‍കിയാല്‍ ഉപഭോക്താവ് അല്ലെങ്കില്‍ സുഹൃത്തുക്കളോ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടുന്ന നിങ്ങളുടെ മുഖം ഫെയിസ്ബുക്ക് ഐഡന്റിഫൈ ചെയ്യും. ഈ ടെക്‌നോളജി നിലവില്‍ മറ്റു പലരാജ്യങ്ങളിലും നിലവിലുണ്ട്. ഏതാണ്ട് 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫെയിസ്ബുക്ക് ഇത് അവതരിപ്പിച്ചത്. 2012ല്‍ യുറോപ്യന്‍ രാജ്യങ്ങളിലും ഇത് നിലവില്‍ വന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
ഉപഭോക്താവിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ടെക്‌നോളജി 2012ല്‍ ഇയു രാജ്യങ്ങള്‍ അംഗീകരിക്കാതിരുന്നത്. ഇപ്പോള്‍ ഈ ടെക്‌നോളജി യൂസര്‍ക്ക് തെരെഞ്ഞടുക്കാവുന്ന രീതിയിലാണ് പുനര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനറല്‍ ഡാറ്റ പ്രോട്ടക്ഷന്‍ റെഗുലേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത് നിലവില്‍ വന്നിരിക്കുന്നത്. പുതിയ ഇയു ഡാറ്റ പോളിസി നിയമങ്ങള്‍ അനുസരിച്ച് തന്റെ വ്യക്തി, ഇതര വിവരങ്ങള്‍ പങ്കിടുന്ന സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ ഉപഭോക്താവിന് കൂടുതല്‍ അധികാരം ലഭിക്കും. അതേസമയം ഈ ടെക്‌നോളജിക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ ടെക്‌നോളജി ഫെയിസ്ബുക്ക് യൂസര്‍മാരുടെ ചിത്രങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തിരിച്ചറിയുകയാണ് ചെയ്യുക. ഇവ ഉപയോഗിച്ച് ഫെയിസ്ബുക്ക് ടാഗ് നിര്‍ദേശം നല്‍കുകയും ചെയ്യും. ടെക്‌നോളജിക്ക് ആവശ്യമായ പെര്‍മിഷന്‍ നല്‍കാതിരുന്നാലും ഫെയിസ്ബുക്ക് ഉപയോഗിക്കാന്‍ യൂസറിന് കഴിയും. പൊളിറ്റിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുകയാണ് നിലവില്‍ ഫെയിസ്ബുക്ക്. വിഷയത്തില്‍ സിഇഒ സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയിരുന്നു. ബയോമെട്രിക്ക് ഐഡന്റിഫിക്കേഷനും ബില്യണ്‍ കണക്കിന് ചിത്രങ്ങളെ ട്രാക്ക് ചെയ്യുന്നതും യൂസര്‍മാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ക്യാംപയിന്‍ ഗ്രൂപ്പായ ബിഗ് ബ്രദര്‍ വാച്ച് ഡയറക്ടര്‍ സില്‍ക്കി കാര്‍ലോ വ്യക്തമാക്കി. അടുത്തിടെയുണ്ടായിരിക്കുന്ന ഡാറ്റ ബ്രീച്ച് കണക്കിലെടുക്കുമ്പോള്‍ ആ പദ്ധതി അപകടമുണ്ടാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply